കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഒരു കുഞ്ഞു മുറിയിൽ..! ജോലിക്കായി പോയ വീട്ടമ്മ വീട്ടു തടങ്കലിൽ..

0
126

ഒരു ഏജന്റ് വഴി ജോലിക്കായി വിദേശത്തേക്കു പോയ വീട്ടമ്മ അവിടെ തടങ്കലിൽ കഴിയുന്നതായി വിവരം. മുക്കൂട് നിരപ്പുവിള ജംക്‌ഷൻ യമുനാ നിവാസിൽ സി.രാജേന്ദ്രന്റെ ഭാര്യ യമുന (40) യാണ് ഒമാനിൽ ഏജൻസി ഓഫിസിൽ തടങ്കലിൽ കഴിയുന്നത്.കഴിഞ്ഞ വർഷം ജൂലൈയിലാണു യമുന കോഴിക്കോട് സ്വദേശി നാസർ എന്ന ഏജന്റ് വഴി ഗൾഫിനു പോയത്. രാജേന്ദ്രന്റെ സഹോദരൻ രാധാകൃഷ്ണനും ഭാര്യ ഷീലയുമാണ് ഇവരെ കോഴിക്കോട്ടുള്ള ഏജന്റിനെ പരിചയപ്പെടുത്തിയത്.

പ്രതിമാസം ചെലവുകൾ കഴിഞ്ഞ് 20,000 രൂപ ശമ്പളം ലഭിക്കുമെന്നു പറഞ്ഞാണു ദുബായിലേക്ക് അയച്ചത്. അവിടെ  മറ്റൊരു ഏജന്റ് വാഹനത്തിൽ കയറ്റി ഒമാനിലേക്കു കൊണ്ടു പോയി. മൂന്നാഴ്ച  ഏജന്റിന്റെ ഓഫിസിൽ താമസിച്ചു.പിന്നീട് അറബിയുടെ വീട്ടിൽ  ജോലിക്കായി കൊണ്ടു വിട്ടു. രണ്ടുമാസം കഴിഞ്ഞപ്പോൾ അവർ ശമ്പളമായി 24,000 രൂപ നൽകി. അത്രയും കുറഞ്ഞ ശമ്പളത്തിനു ജോലിചെയ്യാൻ  പ്രയാസമാണെന്നു പറഞ്ഞതോടെ വീട്ടുകാർ ശാരീരിക ഉപദ്രവം തുടങ്ങി.

പിന്നീട് ഏജന്റിനെ വിവരമറിയിച്ച് ഓഫിസിലേക്കു മടങ്ങി.അതിനുശേഷം  ഒരു സൈനികന്റെ വീട്ടിൽ ജോലിക്കെത്തിയെങ്കിലും ശമ്പളം വീണ്ടും കുറഞ്ഞു. അതോടെ നാട്ടിലേക്കു വിട്ടാൽ മതിയെന്ന് ഏജന്റിനോട് പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. നാട്ടിലേക്ക് വിടണമെങ്കിൽ 1 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. 

ഇപ്പോൾ ഏജന്റിന്റെ ഓഫിസിൽ എത്തിച്ചിരിക്കുകയാണ്. ആവശ്യത്തിനു ഭക്ഷണമോ, കുടിവെള്ളമോ കിട്ടാതെ കുടുസു മുറിയിൽ കഷ്ടപ്പെടുകയാണെന്നും എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാൻ ശ്രമിക്കണമെന്നും കരഞ്ഞുകൊണ്ട് കഴിഞ്ഞയാഴ്ച  ഫോൺ ചെയ്തു പറഞ്ഞതായി മകൾ ദിവ്യ പറയുന്നു.ഇവരുടെ കൈവശമുണ്ടായിരുന്ന ഫോൺ ഏജന്റ് വാങ്ങിവച്ചിരിക്കുന്നതു മൂലം നാട്ടിലേക്കു വിളിക്കാനും കഴിയുന്നില്ല.

15  സ്ത്രീകളാണ് ഇത്തരത്തിൽ ഏജന്റിന്റെ വലയിൽ വീണു കിടക്കുന്നത്. മലയാളിയായി യമുന മാത്രമാണുള്ളത്. ഏജന്റിന്റെ ഓഫിസിലുള്ള അറബി സ്ത്രീ ഇവരെ ഉപദ്രവിക്കുന്നതായും പറയുന്നു. കശുവണ്ടി തൊഴിലാളിയായിരുന്ന യമുന വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് വീട്ടുജോലിക്കായി  പോയത്. ഒരു വർഷം മുൻപ് മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. കൽപണി തൊഴിലാളിയായ ഭർത്താവ് രാജേന്ദ്രൻ രോഗബാധിതനാണ്.

വീട്ടിൽ രാജേന്ദ്രനും ഇളയമകൾ കാവ്യയുമാണു താമസം. എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നിവേദനം നൽകി. എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായി എംപി  അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here