“ആർത്തവസമയത്ത് ഭർത്താവിന്റെ കൂടെ കിടക്ക പങ്കിടാത്ത സ്ത്രീകളും….. “

0
4

ആർത്തവത്തെ പറ്റി പലരും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പറയാറുള്ളത്. ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുമ്പോൾ മുതൽ അത് അശുദ്ധിയാണെന്ന ചിന്താ​ഗതിയാണ് അവളെ അടിച്ചേൽപ്പിക്കുന്നത്. ആർത്തവത്തെ അശുദ്ധിയോടെ കാണേണ്ട ആവശ്യമുണ്ടോയെന്ന് ഡോ.ഷിനു ശ്യാമളൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. 

വിളക്ക് കത്തിക്കുന്നിടത്ത് പോകരുത്”, “മാറി നിന്ന് പ്രാർത്ഥിക്കണം”, “എല്ലായിടത്തും തൊടരുത്”, തുടങ്ങിയ വാക്കുകൾ ആർത്തവസമയത്ത് ഒാരോ പെൺകുട്ടികളുടെയും കാതുകളിൽ മുഴങ്ങി കേൾക്കാറുണ്ടെന്ന് ഡോ. ഷിനു ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കുഞ്ഞുമനസ്സിൽ ആർത്തവം അശുദ്ധിയാണെന്ന് കുത്തി നിറയ്ക്കുന്ന കാഴ്ചപ്പാടുകളോട് നാം വിമുഖത കാണിക്കണമെന്നും ഡോ.ഷിനു പറയുന്നു. ആർത്തവത്തെ പറ്റിയുള്ള ഡോ.ഷിനു ശ്യാമളന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു. 

ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുമ്പോൾ മുതൽ അത് അശുദ്ധിയാണെന്ന ചിന്ത സമൂഹം അവളെ അടിച്ചേല്പിക്കുന്നു.

എന്റെ അനുഭവം കുറിക്കട്ടെ :

ആദ്യമായി ആർത്തവമുണ്ടായതിന് ശേഷം ഒരു ശനിയാഴ്ച്ച രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ചെന്നപ്പോൾ അമ്മ കുളിച്ചു അമ്പലത്തിൽ പോകുവാൻ തയ്യാറാവുകയായിരുന്നു.

ഞാൻ അമ്മയുടെ പുതിയ സാരിയിൽ തൊട്ടു നോക്കി. ഉടനെ അമ്മ എന്നെ ശകാരിച്ചു : ” മാറി നിൽക്ക്, തൊടരുത്”

ഞാനാകെ വിഷമിച്ചു. 11 വയസുള്ള പെൺകുട്ടിക്ക് ഒന്നും മനസ്സിലായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു.

അപ്പോൾ അമ്മയ്ക്കും സങ്കടമായി. ” മോളെ, ആർത്തവമുള്ളപ്പോൾ അമ്പലത്തിൽ സ്ത്രീകൾ പോകില്ല. മാത്രമല്ല അമ്പലത്തിൽ പോകുന്നവരെ അവർ തൊടാനും പാടില്ല.”

എനിക്ക് കുറെ ചോദ്യങ്ങൾ മനസ്സിൽ വന്നു. ആർത്തവമെന്നത് അശുദ്ധി കൽപ്പിക്കുന്ന എന്തോ ആണെന്ന് അന്ന് ഞാൻ കരുതി.

ഈ അനുഭവം ഒരിക്കൽ മാത്രമല്ല. അമ്പലത്തിൽ വീട്ടിലുള്ളവർ പോകുമ്പോളൊക്കെ പലപ്പോഴായി കേട്ടിട്ടുണ്ട്. “കട്ടിലിൽ ഇരിക്കരുത്, അവിടെ തൊടരുത്, ഇവിടെ തൊടരുത്..മാറി നിൽക്ക്” തുടങ്ങിയ വാക്കുകൾ ഒന്നും മനസിലായില്ലെങ്കിൽ ‘അമ്മയും സമൂഹവും പറയുന്നത് 11 വയസ്സുകാരി പാടെ വിശ്വസിച്ചു.

“വിളക്ക് കത്തിക്കുന്നിടത്ത് പോകരുത്”, “മാറി നിന്ന് പ്രാർത്ഥിക്കണം”, “എല്ലായിടത്തും തൊടരുത്”, തുടങ്ങിയ വാക്കുകൾ ആർത്തവസമയത്ത് അവളുടെ കാതുകളിൽ മുഴങ്ങി കേൾക്കും.

ഇത്‌ എന്റെ മാത്രം അനുഭവമാകില്ല. പല പെൺകുട്ടികളും ഇപ്പോഴും ഇത് അനുഭവിക്കുന്നുണ്ട്.

ചിലയിടത്ത് കിടക്കുന്ന മുറിയിൽ പോലും കിടത്തില്ല. ഇപ്പോഴും മാസമുറയുടെ സമയത്തു വേറെ കട്ടിലിൽ (ബെഡ് ഇല്ലാതെ) കിടക്കുന്നവർ ഉണ്ട്. 21 നൂറ്റാണ്ടിലും ഇതൊക്കെ ചെയ്തു വരുന്നവർ ഉണ്ട്.

ആർത്തവസമയത്ത് ഭർത്താവിന്റെ കൂടെ കിടക്ക പങ്കിടാത്ത സ്ത്രീകളുമുണ്ട്.

ശബരിമലയിൽ താല്പര്യമുള്ള സ്ത്രീകൾക്ക് പോകാം. താത്പര്യമില്ലാത്തവർ പോകണ്ട.

പക്ഷെ കുഞ്ഞുമനസ്സിൽ ആർത്തവം അശുദ്ധിയാണെന്ന് കുത്തി നിറയ്ക്കുന്ന കാഴ്ചപ്പാടുകളോട് നാം വിമുഖത കാണിക്കണം.

പെൺകുട്ടികളെ മാനസികമായും അത്തരം സാമൂഹിക ചിന്തകൾ ബാധിക്കാം. ആർത്തവ സമയത്തു താൻ ഏതോ തൊട്ടു കൂടാൻ പാടില്ലാത്ത മനുഷ്യനാണ് എന്ന ചിന്ത ഇനി ഒരു പെൺകുട്ടിയെയും തളർത്തരുത് എന്നു മാത്രം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here