ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയിൽ ചിലരുണ്ട്; ഷെമി എഴുതുന്നു..

  2
  5399

  ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയിൽ ചിലരുണ്ട് – വിവാഹത്തിന് ശേഷം അന്യ സ്ത്രീയോ പുരുഷനുമായി ബന്ധം സ്ഥാപിക്കുകയും സ്വന്തം പങ്കാളിയെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യ ഭർത്താക്കന്മാരുടെ കഥകൾ നമുക്ക് സുപരിചിതമാണ് . വഞ്ചിച്ചത് ഭർത്താവായാലും ഭാര്യയാലും ശരി കുറ്റം സ്ത്രീക്ക് മാത്രം എന്നത് നിസ്സംശയം പറയാം. കാരണം സമൂഹം എന്നും പുരുഷ മേധാവിത്വത്തിനു കീഴിൽ ആയിരുന്നു. എത്രമേൽ സമത്വം ഉണ്ടെന്നു പറഞ്ഞാലും ഇന്നും പുരുഷ മേധാവിത്വം അമൂഹത്തിൽ നില കൊള്ളുന്നു.അത് കൊണ്ട് തന്നെ ആണ് ഇന്നും സ്ത്രീകൾ കുറ്റപ്പെടുത്തലുകളിന് ഇര ആകുന്നത് . എന്നാൽ ഒളിച്ചോടാനും അവിഹിത ബന്ധങ്ങളിൽ ഏർപ്പെടാനും പോലും വയ്യാതെ നീറി ജീവിക്കുന്ന ഒരു വിഭാഗം സ്ത്രീകൾ ഉണ്ട്.

  വൃദ്ധർക്കും അനാഥർക്കും ക്ഷേമ കേന്ദ്രങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ഈ വിഭാഗക്കാർക്ക് മാത്രം ഒരു സംഘടനയോ ഒന്നും തന്നെ ഇല്ല.ജീവിതകാലം മുഴുവനും ഇഷ്ടമില്ലാത്ത പങ്കാളിക്കൊപ്പം പീഡനങ്ങൾ ഏറ്റു വാങ്ങി ജീവിക്കാൻ ശിക്ഷിക്കപ്പെട്ടവർ .അവിഹിത സമൂഹത്തെ ഭയന്നു മറ്റൊരു ബന്ധത്തിന് പോലും തയ്യാറാവാൻ മടിക്കുന്ന മക്കളെ ഭാവി ഓർത്തു സ്വന്തം ജീവിതം ഹോമിക്കുന്ന ഒരു വിഭാഗം നിസ്സഹായാർ ആയ സ്ത്രീകൾ.

  കയറി ചെന്നാൽ സ്വന്തം വീട്ടുകാർക്ക് ബാധ്യത ആകുമല്ലോ എന്ന് കരുതി വിവാഹ മോചനത്തിന് പോലും തയ്യാർ ആവാതെ സ്വന്തം ജീവിതത്തെ ജീവപര്യന്തം ആയി കണക്കാക്കുന്ന ആബേല ആയ ഒരു വിഭാഗം സ്ത്രീകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്.അവരല്ലേ യഥാർത്ഥത്തിൽ ഇരകൾ? അവരുടെ അനുവാദം ഇല്ലാതെ ഇഷ്ടമില്ലാത്ത ഏതോ ഒരുത്തനും ആയി വിവാഹം നടത്തി ഇഷ്ടമില്ലാത്ത ഒരു ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവർ. മറ്റുള്ളവരുടെ ആജ്ഞകൾ അനുസരിക്കാൻ വേണ്ടി ഭൂമിയിലേക്ക് ജന്മം കൊണ്ട ഈ വിഭാഗം സ്ത്രീകൾക്ക് എന്നാണു സ്വാതന്ത്ര്യം ലഭിക്കുക?

  ” അവിഹിതം അല്ലെങ്കില്‍ ഒളിച്ചോട്ടം. ഈ വാക്കുകള്‍ കേട്ടാല്‍, വാര്‍ത്തകള്‍ അറിഞ്ഞാല്‍, അതിനു പിന്നാലെ ശാപം പിടിച്ച വാക്കുകള്‍ കൊണ്ടും വീട്ടുകാരെ കുറ്റം പറഞ്ഞുള്ള ആക്രമണം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ ആഘോഷം നടത്തുന്നതണ് മലയാളിയുടെ ശരാശരി ചിന്താ ശേഷി. കൂടെ ഒരു പെണ്ണിന്റെ പച്ച മാംസം തിന്നാന്‍ കിട്ടിയതിന്റെ സന്തോഷം കൂടി ആവുമ്പോള്‍ പൊങ്കാല ഇടാന്‍ വാക്കുകള്‍ക്കാണോ ക്ഷാമം. പലപ്പോഴും ആലോചിക്കാറുണ്ട് പുരുഷാധിപത്യം നിലനില്‍ക്കുന്നത് കൊണ്ടല്ലേ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്തത് എന്ന്. ശരീര സുഖം മാത്രം തേടി മറുകണ്ടം ചാടുന്നവരെ കുറിച്ചല്ല, നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോവുന്ന സ്ത്രീകളെ കുറിച്ചാണ് പറയേണ്ടത്.

  കാരണം ഒരു അമ്മ, അവളെന്തു തന്നെ ആയിക്കോട്ടെ, സ്വന്തം കുഞ്ഞിനെ വിട്ടു പിരിയുന്നതിലും വലിയ സങ്കടം അവള്‍ക്കനുഭവിക്കാനില്ല. നൊന്തുമുറിയാതെ അത്തരമൊരു തീരുമാനം എങ്ങനെ എടുക്കും. എന്നാല്‍ എനിക്ക് പറയാനുള്ളത് ഈ രണ്ടു കൂട്ടരെയും കുറിച്ചല്ല. വേറെ വിവാഹം കഴിക്കാന്‍ ഉള്ള നിയമം ഉണ്ടായിട്ടും തന്റെ മക്കളെ ഓര്‍ത്തും ഇനി ഒരു പരീക്ഷണം കൂടി നേരിടാന്‍ കഴിയാത്തത് കൊണ്ടും ഉരുകി തീരുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ്. വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് അവിഹിത ബന്ധവും രണ്ടാമത് ഒരു വിവാഹവും ഇഷ്ടപ്പെടാത്തവര്‍. തന്റേതു മാത്രമായി ഒരു സന്തോഷം വേണ്ടെന്നു വെച്ചവര്‍. തന്റെ കുടുംബത്തിനു താനൊരു ബാധ്യത ആവരുത് എന്നു കരുതി വിവാഹമോചനം കൂടി വേണ്ടാത്ത അല്ലെങ്കില്‍ അതിനു കൂടി വഴിയില്ലാതെ സ്വയം ബലി കൊടുക്കുന്നവര്‍. ആ പാഴ് ജന്മങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ ‘ഇരകള്‍’.

  പേടിയാണ് ഈ സ്ത്രീകള്‍ക്ക്. സ്വന്തം ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ കുടുംബത്തെ, സ്വന്തം വീട്ടുകാരെ, കൂടപിറപ്പുകളുടെ ജീവിതത്തെ, മക്കളുടെ ഭാവിയെ, അന്യപുരുഷനുമായി അടുത്ത് ഇടപഴകിയാല്‍ മറ്റേ ബന്ധം എന്നു പറയുന്ന നാട്ടുകാരെ, എന്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചാലും അത് പെണ്ണിന്റെ കുറ്റം എന്ന് അടച്ചാക്ഷേപിക്കുന്ന സമൂഹത്തെ. എന്തിനും ഏതിനും സ്ത്രീ സുരക്ഷ എന്ന് മുറവിളി കൂട്ടുന്നവര്‍ ഓര്‍ക്കണം, ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നത് ശരിക്കുമുള്ള അവളുടെ സമ്മതത്തോടെ തന്നെയാണോ എന്ന്. അവള്‍ക്ക് വിവാഹ ശേഷം മാനസിക ശാരീരിക സുരക്ഷ കിട്ടുന്നുണ്ടോ എന്ന്. അനാഥര്‍ക്കും വൃദ്ധജനങ്ങള്‍ക്കും രോഗികള്‍ക്കും എല്ലാം പുനരധിവാസ കേന്ദങ്ങളും സംഘടനകളും ഉണ്ട്. എന്നാല്‍ ഈ വിഭാഗം സ്ത്രീകള്‍ക്ക് ആരുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ജീവപര്യന്തം തടവിനേക്കാള്‍ വേദനാജനകമാണ്.

  അറിയാതെ ഇഷ്ടമില്ലാത്ത ഒരാണിന്റെ കൈ ശരീരത്തില്‍ തട്ടിയാല്‍ പോലും അരോചകമാണ് പെണ്ണിന്. അങ്ങനെ ഉള്ള സ്ത്രീ ആജീവനാന്തം ഇഷ്ടമില്ലാത്ത പുരുഷന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിനു ആരാണ് കാരണക്കാര്‍? ചെറിയ കാര്യങ്ങളില്‍ പോലും വിപരീത മനോഭാവം ഉള്ള, തന്റെ കണ്ണീരിലും വിഷമത്തിലും ആനന്ദം കണ്ടെത്തുന്ന പങ്കാളിയില്‍ പെണ്ണിന് എന്തു പ്രതീക്ഷയാണ് ഉണ്ടാവുക? ഇങ്ങനെ ഉള്ളവര്‍ക്ക് വേണ്ടി കൈ കോര്‍ക്കുക എന്നത് എത്രത്തോളം പ്രവര്‍ത്തികമാവും എന്ന് എനിക്കറിയില്ല. എങ്കിലും അതും അനിവാര്യമാണ്.

  ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുമ്പോള്‍ അവളുടെ മനസ്സ് അറിയാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. ദാമ്പത്യം നരകം ആയതു കൊണ്ട് മാത്രം നെഞ്ചില്‍ കത്തി എരിയുന്ന വേദനയും വെച്ച് ചിരി മുഖത്തു തേച്ചു പിടിപ്പിച്ചു നടക്കുന്ന അനേകം പേരുണ്ട് നമുക്കിടയില്‍. ശരീരത്തിനുള്ളില്‍ ഒരു മനസ്സ് പോലും നിഷേധിക്കാന്‍ വിധിക്കപ്പെട്ട ഇരകള്‍. തോറ്റു കൊടുക്കാന്‍ അവരുടെ ജീവിതം ഇനിയും ബാക്കി ”

  2 COMMENTS

  1. എന്നാൽ പറയട്ടെ, സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളെ ഒഴിവാക്കി കാമുകന്റെ കൂടെ ഒളിച്ചോടി രജിസ്റ്റർ മാര്യേജ് ചെയ്ത്, ഒടുക്കം നരക ജീവിതം അനുഭവിക്കുന്നവർ വിരളമല്ല എന്ന കാര്യം വിസ്മരിക്കരുത്.
   താൻ ആഗ്രഹിക്കുന്നതും ചെയ്യുന്നതുമാണ് ശെരി എന്ന് അടിവര ഇടലാണ് ഏറ്റവും വലിയ “തെറ്റ് “

   • പിന്നെ പുരുഷ മേധാവിത്വം ഇല്ലെന്ന് പറയുന്നില്ല ഉണ്ട്. സ്ത്രീ ആധിപത്യം ഇല്ലെന്ന് പറയരുത്.. !! ഏറ്റവും ഭയാനകമാണ് അത്. ഒന്ന് അതും കൂടി അന്വേഷിച്ചു താരതമ്മ്യം ചെയ്യൽ അനിവാര്യമാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here