റോഡിലെ കുഴിയിൽ അറിയാതെ വീണു… കൺമണിയെ കാണാൻ കണ്ണുതുറക്കാതെ സുനിൽ…

0
4

രണ്ടുമാസമായി സുനിൽകുമാറിന്റെ കുടുംബം കാത്തിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമെത്തിയ കുഞ്ഞുകൺമണിയെ ആദ്യമായി കാണാൻ സുനിൽ‌ കണ്ണുതുറക്കുന്നത് കാണാൻ. റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് സുനിൽകുമാർ വീണുപോയത്. 

തൃശൂർ സ്വദേശിയാണ് സുനിൽ. മെയ് എട്ടിന് ചിറയ്ക്കൽ ഹെർബർട്ട് കനാലിന് സമീപം പൈപ്പ്‌ലൈൻ നിർമാണത്തിന് കുഴിയെടുത്ത ശേഷം കൂട്ടിയിട്ട മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു അപകടം. തലക്കും കഴുത്തിനും ഗുരുതര പരുക്കുകളോടെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ച സുനിൽകുമാറിന്റെ ജീവൻ നിലനിർത്താൻ വേണ്ടിവന്നത് രണ്ട് അടിയന്തര ശസ്ത്രക്രിയകൾ. 

അതിനിടെ അഞ്ചാംദിവസം സുനിലിന്റെ ഭാര്യ ജിഷ ഒരാൺകുഞ്ഞിന് ജന്മം നൽകി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നാൽപ്പത്തിനാലാം വയസ്സിലാണ് സുനിലിന് കുഞ്ഞുണ്ടാകുന്നത്. അതിനിടെയാണ് അപകടം. എന്നാൽ കുഞ്ഞിന്റെ മുഖം കാണാൻ പോലും സുനിൽകുമാറിനു കഴിഞ്ഞിട്ടില്ല. 27 ദിവസം വെന്റിലേറ്റർ ഐസിയുവിലും 15 ദിവസം ന്യൂറോ ഐസിയുവിലും കിടത്തേണ്ടി വന്ന സുനിൽകുമാറിനെ അടുത്തിടെയാണു മുറിയിലേക്കു മാറ്റിയത്.

കണ്ണുതുറന്നാൽ കുഞ്ഞിനെ കാണിക്കാമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ ജിഷയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. വെളിച്ചമോ, മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കാതെ റോഡിൽ വെളിച്ചമില്ലാത്ത ഭാഗത്താണു മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നതെന്നു ബന്ധുക്കൾ പറയുന്നു.

നിയന്ത്രണംവിട്ട ബൈക്കിൽനിന്നു റോഡിൽ തലയടിച്ചു വീണ്ത ലയോട്ടി തകരുകയും തലച്ചോറിനു ക്ഷതമേൽക്കുകയും ചെയ്തു.  രക്തസ്രാവവും ഉണ്ടായിരുന്നു. ഇതു വരെ ചികിത്സയ്ക്കായി  5.50 ലക്ഷം രൂപ ചെലവായി. 2 ലക്ഷത്തിൽ  താഴെ രൂപ മാത്രമാണു ആശുപത്രിയിൽ അടച്ചത്.ബാക്കി തുക സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണു ബന്ധുക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here