തന്നെ കളിയാക്കിയവരോട് അമര്‍നാഥ് പറയുന്നു.. ” ഞാൻ പാണ്ടിയുടെ, തേപ്പുകാരന്റെ മകൻ തന്നെയാണ്..” കഷ്ടപ്പാടിൽ നിന്ന് ഒന്നര കോടിയും പിന്നെ അമേരിക്കയിൽ എത്തിയ കഥയും..

ആരും കാണാതെ തേനിയിലെ നാലുസെന്റിലെ ഒരു കൊച്ചുവീട്ടിൽ ഇരുന്ന് അമർനാഥ് കത്തെഴുതാൻ തുടങ്ങി: എന്റെ പ്രിയപ്പെട്ട പിതാവേ…, ആ കത്ത് വായിച്ച് ഇരിങ്ങാലക്കുടയിലെ വാടകമുറിയിലിരുന്ന് മുരുകേശൻ പൊട്ടിക്കരഞ്ഞു.

കമ്പത്തെ ഒരു പറമ്പിൽ ജീർണിച്ച വീടായിരുന്നു ഈ കുടുംബത്തിന്. അവിടെയാണ് അമർനാഥ് താമസിച്ചിരുന്നത്. ആ ചെറിയ സ്വത്തിന് അഞ്ച് അവകാശികൾ. അവരും കുടുംബവും ആ വീട്ടിൽ ഉണ്ടായിരുന്നു. ഈ വസ്തുവിന്റെ പേരിൽ തർക്കങ്ങളും യുദ്ധങ്ങളും ഉണ്ടായതായി അമർനാഥ് കത്തിൽ സൂചിപ്പിച്ചു. അവിടെ താമസിക്കുമ്പോൾ തന്റെ പഠനത്തെയും ജീവിതത്തെയും അത് എത്രമാത്രം ബാധിക്കുന്നുവെന്നും അദ്ദേഹം കത്തിൽ വിവരിച്ചിട്ടുണ്ട്.

“അച്ഛാ, എനിക്ക് പഠിക്കണം. ഇവിടെ നിന്ന് അതിന് കഴിയില്ല. അച്ഛൻ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകണം. ഞാൻ മാത്രമല്ല, അർച്ചനയും എന്റെ അമ്മയും. ഞാൻ അവിടെ വന്ന് നന്നായി പഠിക്കും. പിതാവിന്റെ കഷ്ടപ്പാടുകൾ അവസാനിക്കും. നമുക്ക് നല്ലൊരു ജീവിതം ലഭിക്കും” അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മകന്റെ ഹൃദയം നിറച്ച കത്ത് കിട്ടിയ അന്നുതന്നെ മുരുകേശൻ കമ്പത്തേക്ക് പോയി. അവിടെ നിന്ന് കുടുംബത്തെയും കൂട്ടി ഇരിങ്ങാലക്കുടയിലേക്ക് മടങ്ങി. ഒരു പെട്ടിയിൽ കുറച്ച് വസ്ത്രങ്ങളും സാധനങ്ങളും. അതാണ് അവർ അങ്ങോട്ട് കൊണ്ടുവന്ന ആകെ സ്വത്ത്.

രണ്ട് ഇസ്തിരിപ്പെട്ടികളും, പാത്രവും, സ്റ്റൗവും, മാത്രമുള്ള ഒരു മുറി. ഇരിങ്ങാലക്കുടയിലെ ആ മുറിയിലാണ് മുരുകേശനും അച്ഛനും താമസിക്കുന്നത്. പതിനൊന്നുകാരനായ അമർനാഥും സഹോദരി അർച്ചനയും അമ്മ ജയലക്ഷ്മിയും ആ മുറിയിൽ സ്വർഗം പോലെ ജീവിക്കാൻ തുടങ്ങി. ഏഴു വർഷം മുൻപത്തെ സംഭവമായിരുന്നു അത്.

31 വർഷം മുൻപാണ് വെള്ളച്ചാമി കമ്പത്തിൽ നിന്ന് ഇരിങ്ങാലക്കുടയിൽ എത്തി ഇസ്തിരി ജോലി തുടങ്ങിയത്. പത്താംതരം പാസായെങ്കിലും തുടർപഠനത്തിന് വകയില്ലാത്തതിനാൽ വെള്ളച്ചാമിക്കൊപ്പം മുരുകേശനും ഇരിങ്ങാലക്കുടയിലേക്ക് പോയി. മുരുകേശൻ ഇവിടെ വന്ന് ഇസ്തിരിജോലി തുടങ്ങിയിട്ട് 21 വർഷമായി. അമർനാഥും അനിയത്തിയും അമ്മയും എത്തിയിട്ട് ഏഴു വർഷമായി.

ആകെയുള്ള മാറ്റം ഒറ്റമുറിയിൽ നിന്ന് ഒരു ചെറിയ വാടക വീട്ടിലേക്ക് മാറിയത് മാത്രമാണ്.

കമ്പത്തിൽ തമിഴ് മാതൃഭാഷ പഠിച്ച അമർനാഥ് ആറാം ക്ലാസിൽ മലയാളം സ്കൂളിൽ ചേരേണ്ടി വന്നതോടെ പഠനം നിർത്താൻ തീരുമാനിക്കുകയും ചെയ്തു. കാരണം, തമിഴ് മാത്രം അറിയാവുന്ന, പഠനത്തിൽ പിന്നാക്കക്കാരനായ ഒരാളെ ചില മലയാളം സഹപാഠികൾ കളിയാക്കി. ചിലർ അവനെ പാണ്ടി എന്നും തേപ്പ്ക്കാരൻ എന്നും വിളിച്ചു കളിയാക്കി.

പക്ഷേ അവൻ തളർന്നില്ല. അമർനാഥിനെ പഠിപ്പിക്കാൻ മാതാപിതാക്കൾ ആദ്യം കൊണ്ടുപോയത് ഇരിങ്ങാലക്കുടയിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലാണ്. ഗേൾസ് സ്കൂളാണെന്ന് അറിയില്ലായിരുന്നു. അവിടെയെത്തി മകന് അഡ്മിഷൻ തേടിയെത്തിയ മാതാപിതാക്കളെ പ്രിൻസിപ്പൽ സിസ്റ്റർ ഇരിങ്ങാലക്കുട കടുങ്ങച്ചിറയിലെ ലിസിയു സ്കൂളിലേക്ക് അയച്ചു. അവിടെ എത്തിയപ്പോൾ ആ സ്‌കൂളിലെ പ്രിൻസിപ്പൽ അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഒരു വേറിട്ട അനുഭവം.

ആ സ്കൂൾ അധികൃതർ അവർക്ക് താങ്ങായി. സൗജന്യമായി പഠിക്കാൻ കഴിയുന്നത്ര പഠിപ്പിക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിച്ചത്. ചില തളർച്ചകൾ ഉണ്ടായി. അച്ഛനും മുത്തച്ഛനും ഇസ്തിരിചൂടിൽ പണിയെടുക്കുന്നുണ്ടെങ്കിലും വീട്ടുവാടക ഉൾപ്പെടെയുള്ള വരുമാനവും ചെലവും വഹിക്കാൻ കഴിയാത്ത സംഭവങ്ങൾ നിരവധി ഉണ്ടായി. അമ്മ ജയലക്ഷ്മി അടുത്ത വീടുകളിൽ ജോലിക്ക് പോയി. അമർനാഥിനെയും സഹോദരി അർച്ചനയെയും പരമാവധി പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ വീട്ടിൽ പ്രാരബ്ധം കടുത്തു വന്നു. ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യവും സ്വപ്നവും ഉപേക്ഷിച്ച് എന്തെങ്കിലും ജോലിക്ക് പോകാൻ അമർനാഥ് തുനിഞ്ഞു.

സ്മിനി, സുബി തുടങ്ങിയ അധ്യാപകർ സ്കൂളിനകത്തും പുറത്തും അമർനാഥിനെ സഹായിച്ചു. അവരുടെ ഉപദേശവും പ്രോത്സാഹനവും അവന് ആത്മവിശ്വാസം നൽകി. ഒമ്പതാം ക്ലാസിൽ വച്ച് ജോർജ് എന്ന ഒരു സഹപാഠിയെ കിട്ടി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജോർജുമായുള്ള സൗഹൃദം അമർനാഥിന് മികച്ച വിജയത്തിന് സഹായിച്ചു. പത്താം ക്ലാസിൽ അമർനാഥിന് 96 ശതമാനം മാർക്ക് ലഭിച്ചു .

പത്തിന് ശേഷം അമർനാഥും, ജോർജും മാപ്രാണം ഹോളി ക്രോസ് സ്കൂളിൽ ചേർന്നു. ബയോ മാത്‌സ് ആയിരുന്നു പഠന വിഷയം.

ഹൈസ്കൂളിന് ശേഷം അന്താരാഷ്‌ട്ര സർവ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി SAT നടത്തപ്പെടുന്ന പരീക്ഷാ പരിശീലനത്തിനായി ജോർജ് കൊച്ചിയിൽ പോയി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമർനാഥിന് പോകാൻ സാധിച്ചില്ല. പരീക്ഷയിൽ വിജയിച്ച ജോർജിന് അമേരിക്കൻ സർവകലാശാലയിൽ 2.75 കോടിയുടെ സ്‌കോളർഷിപ്പ് ലഭിച്ചു.

ജോർജ് പഠനോപകരണങ്ങളെല്ലാം അമർനാഥിന് നൽകി. പരീക്ഷയിൽ വിജയിക്കുന്നതിനുള്ള പ്രായോഗിക ഉപദേശങ്ങളും അവൻ നൽകി. അപേക്ഷ നല്കാൻ സഹായിച്ചു. അമർനാഥ് ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അത് വെറുതെയായില്ല.

ഒടുവിൽ ആ സന്തോഷ വാർത്ത എത്തി. തേപ്പുകാരന്റെ മകനെന്ന് പറഞ്ഞ് കളിയാക്കിയവരെ ഞെട്ടിച്ചു കളഞ്ഞു അമർനാഥ്. അമർനാഥിലെ പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച അധ്യാപകർ സ്വപ്നം കണ്ട നേട്ടം വന്നു ചേർന്നു. മാതാപിതാക്കളുടെ പ്രാർത്ഥനയുടെ പ്രതിഫലം- അമർനാഥ് അമേരിക്കയിൽ വെർമോണ്ടിലെ നോർവിച്ച് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് നാലുവർഷത്തെ എഞ്ചിനീയറിംഗ് പഠനത്തിന് സർവകലാശാലയിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്കോളർഷിപ്പ് നേടി.

ആ സമയം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായിരുന്നു അമർനാഥ്. അമേരിക്കയിലെ ഏഴ് സർവകലാശാലകളിലും ഇറ്റലിയിലെ ഒരു സർവകലാശാലയിലും അമർനാഥിന് സ്‌കോളർഷിപ്പ് ലഭിച്ചു. വെർമോണ്ടിലെ നോർവിച്ച് സർവ്വകലാശാലയെ ആണ് അതിൽ അമർനാഥ് തിരഞ്ഞെടുത്തത്.

എന്നാൽ വലിയ ഒരു പ്രതിസന്ധി അവനെ തേടിയെത്തി. രണ്ടാം വർഷം മുതൽലാണ് സ്കോളർഷിപ്പ് ലഭ്യമാകുക. ആദ്യ വർഷത്തേക്കുള്ള ഫണ്ടും യാത്രാ ചെലവും കണ്ടെത്തണം. ചെറിയ തുകയല്ല. അമർനാഥിനും കുടുംബത്തിനും സങ്കൽപ്പിക്കാവുന്നതിലും വലുത്. കൂടാതെ ഉടൻ കണ്ടെത്തണം.

പലരും വാഗ്ദാനങ്ങൾ നൽകിയിരുന്നു. അതിൽ ചിലത് വാഗ്ദാനമായി അവശേഷിച്ചു. നിരവധി പേർ സഹായത്തിനെത്തി. പക്ഷേ അത് മതിയായില്ല. അമേരിക്കയിലെ പഠനം അനിശ്ചിതത്വത്തിലായി.

അമേരിക്കയിലേക്ക് പഠിക്കാൻ പോകും മുമ്പ് വിട പറയാൻ ജോർജ് അമർനാഥിന്റെ വീട്ടിലെത്തി. ജോർജിന് മറ്റൊരു സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. ക്ലാസ്സ് അവിടെ തുടങ്ങുകയാണ്. അമർനാഥിന്റെ പഠനം തുടങ്ങാൻ സമയമായി. അമേരിക്കയിൽ വെച്ച് കാണാമെന്ന് പറഞ്ഞാണ് ജോർജ് പിരിഞ്ഞത്. കാണാൻ പറ്റില്ലല്ലോ എന്ന് മനസ്സിൽ അമർനാഥ് പറഞ്ഞു.

ചെറുതും, വലുതുമായ സഹായങ്ങൾ പല സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും വന്നിരുന്നുവെങ്കിലും അമർനാഥിന് അത് പഠനത്തിന്റെ ആദ്യ വർഷത്തേക്ക് മാത്രമേ അത് തികയുമായിരുന്നുള്ളു. വിമാന ചിലവിനും ടിക്കറ്റിനും പണമില്ല. അതായിരുന്നു വലിയ പ്രതിസന്ധി. ഇതിനിടയിൽ ഒരു അപരിചിതൻ വീട്ടിൽ വന്നു. അമർനാഥ് എന്ന മിടുക്കനെ കാണാനും പരിചയപ്പെടാനുമാണ് വന്നത്. അമേരിക്കയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾ എത്രത്തോളം എത്തിയെന്ന് അദ്ദേഹം ചോദിച്ചു. ട്രാവെല്ലിങിനുള്ള പണം ഇനിയും കണ്ടെത്താനുണ്ടെന്നും അവൻ പറഞ്ഞു.

മൂന്നാം ദിവസം രാവിലെ അദ്ദേഹം അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റുമായി എത്തി. പേര് ചോദിച്ചപ്പോൾ അമർനാഥിന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്റെ പേരിൽ എന്താണുള്ളത്? എല്ലാവരും കേൾക്കേണ്ട പേരാണ് നിന്റെ പേരാണ്. പേരും വിവരങ്ങളും വെളിപ്പെടുത്താതെയാണ് ആ അജ്ഞാതൻ പോയത്. ആ അജ്ഞാതൻ ഇന്നും അജ്ഞാതനാണ്.

അങ്ങനെ അമർനാഥ് അമേരിക്കയിൽ പഠിക്കാൻ പോയി. താത്കാലികമായി പണം കണ്ടെത്താൻ പാര്‍ട്ട്‌ടൈം ജോലിക്ക് പോയി. യൂണിവേഴ്സിറ്റിയിൽ റസിഡൻഷ്യൽ അഡൈ്വസറായാണ് ആദ്യം കിട്ടിയ ജോലി. പുതിയ വിദ്യാർത്ഥികളെ കമ്പ്യൂട്ടർ കോഡിംഗ് പഠിപ്പിക്കുകയായിരുന്നു ജോലി. ഈ കോഡിംഗ് പഠിപ്പിക്കാൻ സർവകലാശാലയിൽ രണ്ട് പേർക്ക് മാത്രമേ അനുമതിയുള്ളൂ. അതിലൊന്നാണ് അമർനാഥിനുള്ളത്. ഇപ്പോൾ അമർനാഥ് ലക്ഷങ്ങൾ വരുമാനം നേടുന്ന വ്യകിതിയാണ്. പണ്ടത്തെ കഷ്ടപ്പാടിൽ നിന്നും ഉയർത്തെഴുനേറ്റ അനുഭവങ്ങളും കൂടെ നിന്നു സഹായിച്ച വ്യക്തികളെയും അമർനാഥ് ഇന്നും ഓർക്കുന്നു..