ആന്റണി വിജയവതിയോട് ശക്തിയായി കുഞ്ഞിനെ പുറത്തേക്ക് തള്ളാൻ പറഞ്ഞു. എല്ലാം നോക്കി നിൽക്കാനേ ഭർത്താവിന് കഴിഞ്ഞുള്ളു.. ഇത് ആന്റണി എന്ന ആംബുലെൻസ് ഡ്രൈവറുടെ ജീവിതാനുഭവം

ഒരു നിർണായക ഘട്ടത്തിൽ ധൈര്യപൂർവം പ്രവർത്തിച്ച ആന്റണി അതിഥി തൊഴിലാളിയായ അമ്മയ്ക്കും മാസം തികയാത്ത കുഞ്ഞിനും ജീവിതത്തിന്റെ സുരക്ഷിതത്വം നൽകി. ശാന്തൻപാറ പഞ്ചായത്ത് ആംബുലൻസ് ഡ്രൈവറാണ് ശാന്തൻപാറ പാറമ്മേൽ ആന്റണി. ഇന്നലെ പുലർച്ചെ മൂന്നിന് ശാന്തൻപാറയ്ക്ക് സമീപം താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിനിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആന്റണി ഓടിച്ച ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഏഴുമാസം ഗർഭിണിയായ 22 കാരിയായ വിജയവതിയും, ഭർത്താവ് ചോട്ടുലാലും മാത്രമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ആംബുലൻസ് ഉടുമ്പൻചോല കടന്നതോടെ വിജയവതിയിൽ രക്തസ്രാവം തുടങ്ങി. ഭയന്ന ചോട്ടുലാൽ നിലവിളിച്ച് ആന്റണിയെ അറിയിച്ചു. ആന്റണി ആംബുലൻസ് നിർത്തി അവരുടെ അടുത്ത് വന്നപ്പോൾ കുഞ്ഞിന്റെ കാലുകൾ പുറത്തേക്ക് വന്നിരുന്നു. ഈ സമയം വിജയവതിക്ക് ബോധം നഷ്ടപ്പെട്ടു.

മുഖത്ത് വെള്ളം തെറിപ്പിച്ച് അവരെ ഉണർത്തുന്ന ആന്റണി കുട്ടിയെ ശക്തിയായി പുറത്തേക്ക് തള്ളാൻ വിജയവതിയോട് ആവശ്യപ്പെട്ടു. അപ്പോൾ കുഞ്ഞു മുഴുവനായും പുറത്തേക്ക് വന്നു. ഈ സംഭവങ്ങളിൽ പകച്ചു നിൽക്കാനേ ഭർത്താവ് ചോട്ടുലാലിന് ആയുള്ളൂ. ധൈര്യസമേതം ആന്റണി കുഞ്ഞിനെ സുരക്ഷിതമായി കൈയ്യിലെടുക്കുകയും പൊക്കിൾക്കൊടി മുറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ കിടത്തിയ ശേഷം കൈയിലെ രക്തം കഴുകാൻ പോലും സമയം കളയാതെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടർ കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു. മാസം തികയാത്ത പെൺകുഞ്ഞിന് വിദഗ്ധ പരിചരണം ആവശ്യമായതിനാൽ ഇൻകുബേറ്റർ സൗകര്യമുള്ള 108 ആംബുലൻസിൽ ഇവരെ പിന്നീട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ഏകദേശം 5 വർഷത്തോളമായി ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന ആന്റണി അപകടത്തിൽപ്പെട്ടവരെയും രോഗികളെയും തക്കസമയത്ത് ആശുപത്രികളിൽ എത്തിക്കാറുണ്ട്. എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നാണ് ആന്റണി പറയപ്പെടുന്നത്. ആന്റണിയുടെ സമയോചിത ഇടപെടലിൽ ഒരുപാട് കടപ്പാടുണ്ടെന്ന് വിജയവതിയുടെ ഭർത്താവ് ചോട്ടുലാൽ പറഞ്ഞു.