October 2, 2023

“അരിക്കൊമ്പനെ എവിടെയെങ്കിലും കൊണ്ട് തള്ളാനല്ല കോടതി പറഞ്ഞത്.. തമിഴ് നാട് ആനയെ കൊണ്ട് പോയി ഏതു ചെയ്തു എന്നതിന്റെ വീഡിയോ പോലും പുറത്തു വിട്ടിട്ടില്ല” : അരികൊമ്പന് വേണ്ടി ആഞ്ഞടിച്ച് സാബു എം ജേക്കബ്

തമിഴ്നാട്ടിലെ ജനവാസ മേഖലകളിൽ അരിക്കൊമ്പന്റെ ജീവൻ അപകടത്തിലാണെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ്. അരിക്കൊമ്പനോട് തമിഴ്നാടിന് പ്രത്യേകിച്ച് അടുപ്പമൊന്നുമില്ല. 30 കിലോമീറ്റർ സഞ്ചരിച്ചിരുന്ന അരിക്കൊമ്പൻ ഇപ്പോൾ രണ്ടോ മൂന്നോ കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കുന്നതെന്ന് പറയുമ്പോൾ ആനയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലാക്കണം.

അരിക്കൊമ്പന്റെ കാര്യത്തിൽ വനംവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനമാണ് താൻ കണ്ടതെന്നും സാബു എം. ജേക്കബ് പറഞ്ഞു. അരിക്കൊമ്പൻ നാല്പതു വർഷത്തോളം കേരളത്തിൽ ജീവിച്ച ആനയാണ്. ആറോളം മയക്കുവെടിവെച്ച് അരീക്കൊമ്പനെ ഇവിടെ നിന്ന് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്. ഇവിടെ നിന്ന് കൊണ്ടുപോയതിന് ശേഷം മാധ്യമങ്ങൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തി. ഇവർ ആനയെ പുറത്തുവിടുന്നതിന്റെ ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല.

ആനയെ കാട്ടിലേക്ക് തുറന്നുവിട്ടതിന്റെ രണ്ടാം ദിവസമാണ് ആനയുടെ തുമ്പിക്കൈക്ക് പരിക്കേറ്റെന്ന വാർത്ത പുറത്ത് വന്നത്. എന്നാൽ, മുറിവിന്റെ വലിപ്പം എത്രയാണെന്ന് വ്യക്തമാകുന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ്. മയക്കുവെടിവെച്ച് പരിക്കേൽപ്പിച്ച അരിക്കൊമ്പന് മതിയായ ചികിത്സയോ മറ്റോ നൽകിയില്ല. കോടതിവിധി ഉണ്ടെന്ന് പറഞ്ഞു അതിനെ എവിടെയെങ്കിലും കൊണ്ടുപോയി വലിച്ചെറിയേണ്ട കാര്യമില്ലെന്നും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി.

എവിടെയെങ്കിലും കൊണ്ടുപോയി തള്ളരുതെന്ന് കോടതി പറഞ്ഞു. ആനയ്ക്ക് ജീവിക്കാൻ ആവശ്യമായ വെള്ളവും ഭക്ഷണവും ഉണ്ടോയെന്ന് പരിശോധിക്കാതെയാണ് വനംവകുപ്പ് അരിക്കൊമ്പനെ വിട്ടയച്ചത്. ഇപ്പോൾ അരിക്കൊമ്പൻ ക്ഷീണിതനാണെന്നാണ് റിപ്പോർട്ടുകൾ. “അരിക്കൊമ്പൻ തുമ്പികൈയുടെ മുറിവ് വലുതാണ്. അരിക്കൊമ്പൻ വെള്ളം കുടിക്കുകയും തുമ്പിക്കൈ കൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ആ മുറിവ് വച്ചാണ്,” അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ അരിക്കൊമ്പൻ മൂലം ഒരാൾ മരിച്ചു. വനം വകുപ്പിനാണ് ഇതിന്റെ ചുമതല. കേരളത്തിലെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ സ്ഥലം മാറ്റിയത്. അരിക്കൊമ്പനോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് റിപ്പോർട്ട് ഔപചാരികമായി തയ്യാറാക്കിയിരിക്കുന്നത്. അരിക്കൊമ്പന്റെ മാറ്റങ്ങളോ ആവശ്യങ്ങളോ മനസ്സിലാക്കാതെ ഉണ്ടാക്കിയ റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ കണ്ണിൽ പൊടിയിടാനാണെന്നും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി.