“അകാലത്തിൽ വിധി മാറ്റിമറിച്ച പൊന്നോമനയുടെ ഓർമ്മകൾ ഇന്നും പേറുന്ന നല്ലൊരു അച്ഛൻ… സുരേഷേട്ടൻ നല്ല മനുഷ്യൻ.. രാഷ്ട്രീയ നേട്ടത്തിനായി ഈ മനുഷ്യനെ ചെളിവാരിയെറിയരുത്…” കുറിപ്പുമായി അശ്വതി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വിമർശനം ശക്തമാകുന്നു. എന്നാൽ ഇതിനിടയിൽ സുരേഷ് ഗോപിയെ പിന്തുണച്ച് സഹപ്രവർത്തകരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നടി അശ്വതി ഷെയർ ചെയ്ത കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സുരേഷേട്ടൻ നല്ല മനുഷ്യൻ… നല്ല മനുഷ്യസ്നേഹി… അകാലത്തിൽ വിധി മാറ്റിമറിച്ച പൊന്നോമനയുടെ ഓർമ്മകൾ ഇന്നും പേറുന്ന നല്ലൊരു അച്ഛൻ…രാഷ്ട്രീയ നേട്ടത്തിനായി ഈ മനുഷ്യനെ ചെളിവാരിയെറിയരുത്…തന്റെ പ്രവൃത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്നറിഞ്ഞ നിമിഷം അദ്ദേഹം നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ നല്ല മനസ്സിന്റെ വലിപ്പം കൊണ്ട്.. സ്ത്രീ സംരക്ഷണത്തിനും സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തിഹത്യയ്ക്കും രാഷ്ട്രീയ മുതലെടുപ്പിനും ഉപയോഗിക്കരുത്… തിരിച്ചടിയുടെ കാലം വിദൂരമല്ല. എന്ന് അശ്വതി എഴുതി.

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുമതിയില്ലാതെ സുരേഷ് ഗോപി കൈ വച്ചു. ആദ്യം മാധ്യമ പ്രവർത്തക അകന്നു പോയെങ്കിലും സുരേഷ് ഗോപി വീണ്ടും അവളുടെ തോളിൽ കൈ വയ്ക്കാൻ ശ്രമിച്ചു.

ഒടുവിൽ പത്രപ്രവർത്തകൻ കൈ എടുത്തുമാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പപേക്ഷയല്ലെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക നിയമനടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.