“ആദ്യ സിനിമ ഇറങ്ങും മുൻപ് വിടവാങ്ങി..” മലയാള യുവ സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു. കോഴിക്കോട് വച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ആദരാഞ്ജലികൾ നേർന്ന് സിനിമാ താരങ്ങൾ..

മലയാള യുവ സംവിധായകൻ ബൈജു പറവൂർ (42 വയസ്സ്) ശാരീരിക അസ്വാസ്ഥ്യവും പനിയും മൂലം മരിച്ചു. പറവൂർ നന്തികുളങ്ങര കോയിപ്പമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ് ബൈജു പറവൂർ. ഭക്ഷ്യവിഷബാധയേറ്റാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ ബൈജു കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.

ഇതിനുശേഷം കുന്നംകുളത്തെ ഭാര്യവീട്ടിലെത്തി അവിടെ ഒരു ഹോസ്പിറ്റലിൽ ചികിത്സതേടി. അസുഖം മാറാത്തതിനെ തുടർന്ന് പറവൂരിലെ വീട്ടിലെത്തി ഞായറാഴ്ച കുഴുപ്പിള്ളിയിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു.

20 വർഷമായി സിനിമാ മേഖലയിൽ സജീവമായ ബൈജു പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ രചനയും സംവിധാനവും നിർവഹിച്ച ‘സീക്രട്ട്’ എന്ന സിനിമയുടെ റിലീസിന് തയ്യാറെടുക്കുകയായിരുന്നു. ധന്യം, മൈഥിലി വീണ്ടും, കൈതോലച്ചതൻ തുടങ്ങി 45 ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര, മക്കൾ: ആരവ്, ആരാധ്യ എന്നിവർ വിദ്യാർത്ഥികളാണ്.