അച്ചാറുകളിൽ ഒരു വ്യത്യസ്ഥ രുചിക്കൂട്ട്.. ചേന അച്ചാർ. ഇത് എങ്ങനെ സ്വാദുള്ള രീതിയിൽ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം

അച്ചാറുകൾ പല വിധത്തിലുള്ളത് നാം കഴിച്ചിട്ടുണ്ടല്ലോ.ഏത് അച്ചാറായാലും ചോറിൻ്റെ കൂടെ തൊട്ടുകൂട്ടാൻ അതുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. അച്ചാറ് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നുള്ളത് നമുക്ക് അറിയാം. പക്ഷേ നമ്മൾ ഓരോരുത്തരും അച്ചാറിനെ ഇഷ്ടപ്പെടുന്നു. പല തരം അച്ചാറുകൾ ഇന്ന് ലഭ്യമാണ്. ഞാനിവിടെ അധികം ആരും ഉണ്ടാക്കാത്ത ചേന അച്ചാറാണ്. വളരെ ടേസ്റ്റാണ്. കുറച്ച് പണിയുണ്ട് ഇതുണ്ടാക്കാൻ. പക്ഷേ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് പറയാം.

ചേന – 1/2 കിലോ ,ഈത്തപ്പഴം – 1 ചെറിയ കപ്പ് ,കടുക് – 1 ടീസ്പൂൺ , മുളക് പൊടി – 3 ടീസ്പൂൺ ,മഞ്ഞൾ പൊടി – 1 ടീസ്പൂൺ ,വിനാഗിരി – 2 ടീസ്പൂൺ ,വെളുത്തുള്ളി – 10 അല്ലി ,ഇഞ്ചി – ഒരു വലിയ കഷണം, പച്ചമുളക് – 5 എണ്ണം ,കറിവേപ്പില – കുറച്ച് ,ഉലുവാപ്പൊടി – കുറച്ച് ,കായം – ഒരു നുള്ള് ,കടുക് പൊടിച്ചത് – കുറച്ച് ,എണ്ണ – 2 ടീസ്പൂൺ .

ആദ്യം തന്നെ ചേനയെ കട്ട് ചെയ്യുകയാണ് വേണ്ടത്. നമ്മൾ ബീറ്റ്റൂട്ട് ഒക്കെ ഗ്രേറ്റ് ചെയ്യുന്നതു പോലെ ചേനയെ ഗ്രേറ്റ് ചെയ്ത് എടുക്കുക. പിന്നീട് മഞ്ഞൾവെള്ളത്തിലിട്ട് കഴുകുക. നല്ലവണ്ണം കഴുകണം. പിന്നീട് വെള്ളം കളയാൻ പിഴിഞ്ഞെടുക്കുക. അതിനു ശേഷം വെയിലത്തിട്ട് ഉണക്കിയെടുക്കുക. ഇടയ്ക്ക് വെയിലത്തിട്ട ചേനയെ ഇളക്കി കൊടുക്കണം. പിന്നീട് ഈത്തപ്പഴവും, വിനാഗിരിയും കൂടി മിക്സ് ചെയ്ത് വയ്ക്കുക. ഈത്തപ്പഴം ചെറിയ കഷണങ്ങളായി. മുറിക്കണം. ഒരു 2 മണിക്കൂർ ആവുമ്പോഴേക്കും ചേന ഉണങ്ങിയിട്ടുണ്ടാവും. ശേഷം നമുക്ക് ചേനയെ വഴറ്റിയെടുക്കാം.

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായതിനുശേഷം കുറച്ച് കടുകിടുക. പിന്നെ അതിലേക്ക് അരിഞ്ഞുവച്ച ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ,കറിവേപ്പില ഒക്കെ ഇട്ട് വഴറ്റുക. അതിലേക്ക് ചേനയെ ഇട്ട് വഴറ്റുക. അതിനു ശേഷം ചേന ഒരു പാത്രത്തിലേക്ക് മാറ്റുക. ആ എണ്ണയിൽ തന്നെ മഞ്ഞളും മുളകും ഇട്ട് വഴറ്റുക. വഴറ്റി ഒരു കളർ മാറിയ ശേഷം അതിലേക്ക് വഴറ്റി വച്ച ചേന ഇടുക. എല്ലാം മിക്സാക്കിയ ശേഷം അതിലേക്ക് ഉപ്പ് നോക്കി ഉപ്പിടുക. പിന്നീട് നല്ലവണ്ണം മിക്സാക്കി തീ ഓഫാക്കുക. പിന്നീട് ഉലുവാപ്പൊടി ,കായം, പൊടിച്ചു വച്ച കടുകിട്ട് ഇളക്കുക. ശേഷം അത് കുറച്ചു തണിയാൻ വയ്ക്കുക. ചേനയുടെ മിക്സ് തണിഞ്ഞാൽ അതിലേക്ക് ഈത്തപ്പഴവും ,വിനാഗിരിയും ചേർന്ന മിക്സ് ചേർക്കുക. നല്ലവണ്ണം ഇളക്കി കൊടുക്കുക. എല്ലാം മിക്സാവണം. അതിനു ശേഷം അച്ചാർ ഇട്ടു വയ്ക്കുന്ന പാത്രത്തിലേക്ക് മാറ്റുക. അധികം എരുവുണ്ടാവുന്നില്ലെങ്കിൽ മുളക് ചേർക്കുമ്പോൾ അധികം ചേർക്കാവുന്നതാണ്. നല്ല ടേസ്റ്റായ അച്ചാറാണിത്. മറ്റുള്ള അച്ചാറിൽ നിന്ന് വളരെ വ്യത്യസ്ഥമായ ഈ അച്ചാർ ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെയും ഉണ്ടാക്കാൻ തോന്നും.

Leave a Reply

Your email address will not be published. Required fields are marked *