299 രൂപയുടെ ചുരിദാർ ഓഡർ ചെയ്ത മലയാളി യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ!! സംഭവം ഇങ്ങനെ..

ഇന്നത്തെ കാലഘട്ടത്തിൽ നമ്മളിൽ പലരും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലൂടെയാണ് വസ്ത്രങ്ങളും, പുതിയ ഫോണുകളും, മറ്റ് ആവശ്യവസ്തുക്കളുമെല്ലാം ഓർഡർ ചെയ്യുന്നത്. ആകർഷകമായ ഒരുപാട് ഓഫറുകളും, ക്യാഷ് ബാക്കുകളും ആണ് സാധനങ്ങൾ വാങ്ങുന്നതിലൂടെ ഇത്തരം സൈറ്റുകൾ ഉപയോക്താക്കൾക്ക് നൽകുന്നത്.

അതുകൊണ്ട് തന്നെ വൻസ്വീകാര്യതയാണ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾക്ക് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്. എന്നാൽ ഇത്തരം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ മറവിൽ നിരവധി തട്ടിപ്പുകളും ഇപ്പോൾ വർദ്ധിച്ചു വരുന്നുണ്ട്. കോവിഡ് മൂലം ഉണ്ടായ ലോക്ഡൗൺ കാലഘട്ടം മുതൽ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധനവാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിലൊരു തട്ടിപ്പാണ് ഇപ്പോൾ അടുത്തിടെ കേരളത്തിൽ അരങ്ങേറിയിരുന്നത്. ഓൺലൈൻ വഴി വെറും 299 രൂപ വിലയുള്ള ചുരിദാർ ബുക്ക് ചെയ്ത വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയാണ്. കൂട്ടംമുഖം എള്ളരിഞ്ഞി സ്വദേശിയായ രജനി എന്ന യുവതിയാണ് ഈ തട്ടിപ്പിന് ഇരയായത്. 299 രൂപക്ക് ചുരിദാർ ടോപ്പുകൾ ലഭിക്കും എന്ന സിലൂറി ഫാഷൻ എന്ന് പേരുള്ള സ്ഥാപനത്തിന്റെ പരസ്യം ഫേസ്ബുക്ക് വഴിയാണ് രജനി കണ്ടത്. ഉടൻ തന്നെ ഇത് ബുക്ക് ചെയ്യുകയും, ഗൂഗിൾ പേ വഴി 299 രൂപ പണമയക്കുകയും ചെയ്തു.

എന്നാൽ പണം നൽകിയിട്ടും ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാർ ലഭിക്കാത്തതിനെ തുടർന്ന് രജനി പരസ്യത്തിലുള്ള സ്ഥാപനത്തിന്റെ നമ്പറിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ, കൊറിയർ അയക്കേണ്ട അഡ്രസ് പരിശോധിക്കുന്നതിനായി രജിസ്ട്രേഡ് ഫോൺ നമ്പറിൽ നിന്നും കമ്പനിയുടെ നമ്പറിലേക്ക് മെസ്സേജ് അയക്കണം എന്ന് ഈ കമ്പനിക്കാർ രജനിയോട് ആവശ്യപ്പെട്ടു.

ഈ ആവശ്യപ്രകാരം കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയച്ചതിനെ തുടർന്നാണ് രജനിയുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും ആറു തവണയായാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പിനിരയായി എന്ന് ബോധ്യമായതോടെ രജനി ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയിരുന്നു.  പോലീസിന്റെ അന്വേഷണത്തിൽ പശ്ചിമബംഗാൾ സ്വദേശികളായ മൂന്ന് പേരുടെ അക്കൗണ്ടുകളിലേക്ക് ആണ് പണം ട്രാൻസ്ഫർ ആയിരിക്കുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.

ഇതുകൂടാതെ ഈ ആളുകളുടെ ഫോൺനമ്പറും അഡ്രസ്സും പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായിത്തന്നെ പോലീസ് അറിയിക്കുന്നതായിരിക്കും. പൊതുജനങ്ങൾ എല്ലാവരും തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.