ബാംഗ്ലൂരിലെ ട്രാഫിക്കിൽ അകപ്പെട്ട ഡോക്ടർ തന്റെ രോഗിയുടെ ശസ്ത്രക്രിയ മുടങ്ങാതിരിക്കാൻ ഓടിയത് മൂന്നു കിലോമീറ്റർ ! അഭിനന്ദന പ്രവാഹം ! [വിഡിയോ]

ഭക്ഷണം കഴിക്കാനാകാതെ ശസ്ത്രക്രിയയ്ക്കായി തന്നെ കാത്തിരിക്കുന്ന രോഗികളായിരുന്നു മനസ് മുഴുവൻ, പിന്നെ ഡോ. ഗോവിന്ദ് നന്ദകുമാർ മറ്റൊന്നും ചിന്തിച്ചില്ല. കനത്ത ട്രാഫിക്കിൽ വഴിയിൽ വാഹനം ഉപേക്ഷിച്ച് അദ്ദേഹം ഓടിയത് മൂന്ന് കിലോമീറ്ററുകൾ. ഒരു മണിക്കൂർ ഓടി ആശുപത്രിയിലെത്തിയ ഡോക്ടർ പിത്താശയ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്തു.

ഓഗസ്റ്റ് 30ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സർജാപൂരിലെ മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എന്ററോളജി ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് ഡോ. ഗോവിന്ദ് നന്ദകുമാർ. ആശുപത്രിയിൽ എത്താൻ മൂന്ന് കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ട്രാഫിക് വർദ്ധിക്കുകയായിരുന്നു. സാധാരണ നിലയിൽ പത്ത് മിനിട്ട് മാത്രം വേണ്ടിവരുന്നിടത്ത് ആശുപത്രിയിലെത്താൻ ഗൂഗിൾ മാപ്പ് കാണിച്ചത് മുക്കാൽ മണിക്കൂർ.

ശസ്ത്രക്രിയ കഴിയുന്നതുവരെ രോഗികൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. അവരെ കൂടുതൽ സമയം കാത്തിരിപ്പിക്കാനാകുമായിരുന്നില്ല. ഇക്കാരണത്താലാണ് ഇറങ്ങിയോടാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ദിവസേന വ്യായാമം ചെയ്യുന്നതിനാൽ മൂന്ന് കിലോമീറ്റർ ഓടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. ട്രാഫിക് കുരുക്കിൽപെട്ട ഡോക്ടർ ഇതിനുമുൻപും ആശുപത്രിയിലെത്താൻ വാഹനമുപേക്ഷിച്ച് നടന്നിട്ടുണ്ട്.

കഴിഞ്ഞ പതിനെട്ട് വർഷമായി വിജയകരമായി ശസ്ത്രക്രിയകൾ ചെയ്യുകയാണ് ഡോ. ഗോവിന്ദ് നന്ദകുമാർ. ഇതുവരെ ആയിരത്തിലധികം ശസ്ത്രക്രിയകൾ ചെയ്തു. ദഹനനാളത്തിലെ മുഴകളും കേടായ ഭാഗങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്യുന്നത്.

ഈ വാർത്ത പുറത്തറിഞ്ഞ ഉടൻ തന്നെ ഡോക്ടർക്ക് നേരിട്ടും സോഷ്യൽ മീഡിയ വഴിയും അഭിനന്ദന പ്രവാഹം നിറയുകയാണ്.. ഇന്നത്തെ കാലത്തു ഇങ്ങനെയുള്ള മനുഷ്യ സ്നേഹിയായ ഡോക്ടർമാർ വളരെ കുറവാണെന്നാണ് കൂടുതൽ ആളുകളും പറയുന്നത്.