ഗ്യാസ് സിലിണ്ടർ വാങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ. ഗ്യാസ് സിലിണ്ടറിന് വീണ്ടും വില ഉയർത്തി

പാചകം ചെയ്യുന്നതിനായി എൽ പി ജി ഗ്യാസ് സിലിണ്ടറുകൾ ആശ്രയിച്ചിരിക്കുന്ന ഗ്യാസ് സിലിണ്ടർ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ പാചകവാതകത്തിനായി ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾക്ക് ഫെബ്രുവരി 15ന് വീണ്ടും വില ഉയർത്തിയിരിക്കുകയാണ്.

ഫെബ്രുവരി ആദ്യവാരത്തിൽ ഉണ്ടായ 25 രൂപയുടെ വില വർദ്ധനവിന് ശേഷമാണ് ഇപ്പോഴുണ്ടായിരിക്കുന്ന 50 രൂപയുടെ വിലവർദ്ധനവ്. നിലവിൽ എൽ പി ജി ഗ്യാസ് 14 ലിറ്റർ സിലിണ്ടറിന് കൊച്ചിയിൽ 776 രൂപയും തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും ആണ് വില.

ഡിസംബർ 1, 16 തീയതികളിൽ 50 രൂപയും ഫെബ്രുവരി ആദ്യവാരത്തിൽ 25 രൂപയും ഗ്യാസ് സിലിണ്ടറിന് വില ഉയർത്തിയിരുന്നു. അതിനുശേഷമാണ് ഇന്ന് വീണ്ടും 50 രൂപ കൂടി വില ഉയർത്തിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് വളരെ വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

ലോകവ്യാപകമായി ക്രൂഡോയിലിന്റെ വില കൂടിയതാണ് ഇതിന് കാരണമായി എണ്ണക്കമ്പനികളും സർക്കാരുകളും പറയുന്നത്. അതോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതിയിൽ ഇളവ് വരുത്താത്തതും ഗ്യാസ് സിലിണ്ടറിന്റെ കൂടിയ വില തുടരുന്നതിന് കാരണമാകുന്നു.

മറ്റൊരു പ്രധാന തിരിച്ചടി ഉണ്ടായിരിക്കുന്നത് ഗ്യാസ് സിലിണ്ടറുകൾക്ക് സബ്സിഡി ലഭിച്ചുകൊണ്ടിരുന്ന ഉപഭോക്താക്കൾക്കാണ്. ഒരുപാട് മാസങ്ങളായി ഇപ്പോൾ ഗ്യാസ് സിലിണ്ടറിന് സബ്സിഡി ലഭിക്കുന്നില്ല. ജനദ്രോഹ നടപടികൾ ഒഴിവാക്കി ജനങ്ങൾക്ക് നീതിപൂർവമായ വിലയിൽ ആവശ്യ വസ്തുക്കൾ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.