“ഇത്രയും അധികം പുരുഷന്മാരെ പെറ്റിട്ടിട്ട് ആണോ കേരളം പിറന്നത്..?” കേരളീയം വേദിയിൽ സ്‌ട്രെസ് സാന്നിധ്യം കുറഞ്ഞതിൽ വിമർശനവുമായി നടി ജോളി ചിറയത്ത്

സർക്കാരിന്റെ കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. കേരളപ്പിറവിയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടനത്തിൽ സ്ത്രീ സാന്നിധ്യം പേരിന് മാത്രമാണെന്ന വിമർശനവുമായി ജോളി ചിറയത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും ചർച്ചയായി. ‘ഇത്രയും അധികം പുരുഷന്മാരെ പെറ്റിട്ടിട്ട് ആണോ കേരളം പിറന്നത്..?’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം.

“കാലം വളരെയധികം പുരോഗമിച്ചു. ഞങ്ങൾ ലിംഗഭേദമില്ലാത്തവരാണ്. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പിന്നോട്ട് പോകുന്നതായി എനിക്ക് തോന്നുന്നു. അത്തരം കാര്യങ്ങളിൽ നമ്മൾ മതസംഘടനകളെ വിമർശിച്ചിരുന്നു. അവരുടെ വേദികളിൽ സ്ത്രീകളില്ല! എന്നാൽ ഇപ്പോൾ നമ്മൾ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലം നിറഞ്ഞതാണ് ഈ ചിത്രങ്ങൾ. ഈ ചിത്രങ്ങളാണോ ആ ചിത്രത്തിൽ സ്ത്രീയുടെ സാന്നിധ്യം ഉണ്ടെങ്കിലും ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ പോലും ഒതുങ്ങാൻ പറ്റാത്തത്ര ഒരറ്റത്ത് ! ഇതിന്റെ പരിഹാസ്യത പറയേണ്ടതില്ലല്ലോ! ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ ഇതാണ് അവസ്ഥയെങ്കിൽ പിന്നെ ആരെയാണ് നമുക്ക് വിമർശിക്കാൻ അധികാരം. മതസംഘടനകൾ ചെയ്യുന്നത് പോലെയാണോ ജനാധിപത്യ സംഘടനകളും ചെയ്യേണ്ടത്? അത് ചൂണ്ടിക്കാണിക്കാൻ തോന്നി,” ജോളി ചിറയത്ത് പറഞ്ഞു.

” ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് 33 ശതമാനം സംവരണത്തെക്കുറിച്ചാണ്. ഇത് ബിജെപിയുടെ ഒരു തന്ത്രം മാത്രമാണ്. അവർ അത് ചെയ്തുവെന്ന് പറയാൻ മാത്രം ഒരു വലിയ റാഡിക്കൽ കാര്യം പാസാക്കി. 2024 തെരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കാൻ പോകുന്നില്ല. അത് വരുമെന്ന് പറയുന്നു. ഒട്ടേറെ ഉപാധികളോടെ 2029ൽ പ്രാബല്യത്തിൽ വരുമെന്നും പറയുന്നുണ്ട്.. ഈ പുരോഗമന സംസ്ഥാനങ്ങളിൽ 50 ശതമാനാമൊന്നും വേണ്ട, 33 ശതമാനത്തിലെങ്കിലും സ്ത്രീകൾ മത്സരിക്കണമെന്ന് ആവശ്യപ്പെടേണ്ട സമയമാണിത്. ഇത്തരം ചർച്ചകൾക്കിടയിൽ ഇത്തരമൊരു ചിത്രം കാണുന്നത് ലജ്ജാകരമാണ്. അത് പറയാതെ വയ്യ,” ജോളി ചിറയത്ത് പ്രതികരിച്ചു.

മന്ത്രി ആർ.ബിന്ദു, നടിയും നർത്തകിയുമായ ശോഭന, ആരോഗ്യ മന്ത്രി വീണാ ജോർജ്, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും ഉദ്ഘാടനത്തിനെത്തിയെങ്കിലും ഉള്ളതിൽ 90 ശതമാനവും പുരുഷന്മാരായിരുന്നു എന്ന് ജോളി ചിറയത്ത് ചൂണ്ടികാണിക്കുന്നു. ജോളി ചിറയത്ത് പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. നടി സരയു ഉൾപ്പെടെ നിരവധി പേരാണ് ചിത്രവും അടിക്കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ജോളി ചിറയത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആട് 2, കൂടെ, വിചിത്രം, സുലൈഖ മൻസിൽ, ജൂൺ, വികൃതി, പുലിമട തുടങ്ങിയ ചിത്രങ്ങളിൽ ജോളി ചിറയത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയ’ത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. കേരളത്തിലെ അംബാസഡർമാർ, സിനിമാതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ, പ്രവാസി വ്യവസായികൾ, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയത്തിന് നിലവിളക്ക് തെളിയിച്ചു.