കിസാൻ സമ്മാൻ നിധി അംഗങ്ങൾ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ തുക ലഭിക്കില്ല. അറിയേണ്ട വസ്തുതകൾ

ഇന്ത്യയിലെ കർഷകർക്ക് ചെറിയ രീതിയിൽ സാമ്പത്തിക സഹായം ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ മുൻകൈയെടുത്തു നടപ്പിലാക്കിയ പദ്ധതിയാണ് “പ്രധാനമന്ത്രി കിസാൻ സമ്മാന നിധി” പദ്ധതി. വളരെ ജനപ്രീതിയാർജ്ജിച്ച ഒരു പദ്ധതിയാണ് കിസാൻ സമ്മാൻ നിധി.

ഈ പദ്ധതിയിലൂടെ വാർഷികമായി പദ്ധതിയിൽ അംഗങ്ങളായിരിക്കുന്ന കർഷകർക്ക് 6000 രൂപ, നാലുമാസത്തെ ഇടവേളകളിൽ 2000 രൂപ വീതം മൂന്ന് തവണകളായി ലഭിക്കുന്നു. ഇന്ത്യയിൽ ഏകദേശം എട്ടു കോടി കർഷകർക്ക് ഈ പദ്ധതി വഴി ധനസഹായം ലഭിക്കുന്നുണ്ട്. കേരളത്തിൽ ഏകദേശം 36 ലക്ഷം കർഷകരാണ് ഈ പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളത്.

ഒരുപാട് നാളുകളായി ഈ പദ്ധതിയുടെ ആനുകൂല്യം ജനങ്ങൾ കൈപ്പറ്റി പോരുന്നുണ്ട്. എന്നാൽ പദ്ധതിയിൽ ഉൾപ്പെട്ട ഒരുപാട് പേർ നേരിട്ട ഒരു പ്രശ്നമാണ് പദ്ധതിയുടെ ആനുകൂല്യമായ തുക അക്കൗണ്ടിൽ എത്താതിരിക്കുന്നത്. പ്രധാനമായും ഈ പ്രശ്നത്തിന് കാരണം, പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാറിലെയും, നൽകിയിരിക്കുന്ന മറ്റു വിവരങ്ങളിലേയും പേരും വിലാസവും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പേരും വിലാസവും ആയി ഏതെങ്കിലും തരത്തിൽ വ്യത്യാസം ഉള്ളതിനാലാണ്.

ഈ പദ്ധതിയുടെ ആനുകൂല്യം തുടർന്ന് ലഭിക്കണമെങ്കിൽ ഏത് രേഖയിൽ ആണോ തിരുത്തലുകൾ ആവശ്യമുള്ളത് അത് ഉടനെ തിരുത്തി പദ്ധതിയിലേക്ക് അപ്ഡേറ്റ് ചെയ്യണം. എന്നാൽ മാത്രമേ വരുംകാലങ്ങളിൽ തുക മുടങ്ങാതെ ലഭിക്കുകയുള്ളൂ. ഈ പദ്ധതിയിൽ ഒരുപാട് അനർഹർ ആയവർ അംഗങ്ങളായി പദ്ധതിയുടെ ആനുകൂല്യമായ തുക കൈപ്പറ്റി വരുന്നുണ്ട് എന്ന് അധികാരികൾക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർക്കെതിരെ കർശന നടപടിയെടുക്കാനും ഇതുവരെയും കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനും ഉള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

പദ്ധതിയിൽ ഇനിയും ഒരുപാട് അർഹരായ കർഷകർ അംഗങ്ങളാകാൻ ഉണ്ട്. ഇവർ ഉടൻ തന്നെ ആവശ്യമായ രേഖകളോടുകൂടി അടുത്തുള്ള അക്ഷയ-ജനസേവന കേന്ദ്രങ്ങൾ വഴി പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടതാണ്.

Read More: കിസാൻ സമ്മാൻ നിധി – അനർഹരായിട്ടുള്ള ആളുകളിൽ നിന്നും തുക തിരിച്ചുപിടിക്കുന്ന നടപടികൾ