മുത്താറി നാം കുട്ടികൾക്ക് കുറുക്കു കാച്ചുവാനാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. കുട്ടികൾക്ക് എല്ലു വളർച്ചയ്ക്കും മറ്റും വളരെ നല്ലതാണ് മുത്താറി. അതുകൊണ്ട് മൂന്നു വയസു വരെയുള്ള കുട്ടികൾക്ക് പ്രധാന ഭക്ഷണമായിരുന്നു ഇതിന്റെ കുറുക്ക്. എന്നാൽ ഇന്ന് പ്രഭാതഭക്ഷണമായി കഴിക്കുന്ന ഇഡ്ഡലി ,ദോശ തുടങ്ങിയവ മുത്താറി ഉപയോഗിച്ച് തയ്യാറാക്കുന്നുണ്ട്.. വളരെയധികം ആരോഗ്യത്തിന് ഗുണകരമായ ഒരു സാധനമാണ് മുത്താറി. ഇത് ഉപയോഗിച്ച് ഇഡ്ഡലി ദോശ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം..
മുത്താറി – ഒരു കപ്പ് , ഉഴുന്ന് – ഒരു കപ്പ് ,ഉലുവ. – 1/2 ടീസ്പൂൺ , ചോറ് – 2 ടീസ്പൂൺ , ഉപ്പ് – പാകത്തിന്. ആദ്യം നല്ലവണ്ണം കഴുകി വേണം കുതിരാൻ വയ്ക്കേണ്ടത്. കാരണം മുത്താറിയിൽ ചെറിയ കല്ലുകളുണ്ടാവാൻ സാധ്യതയുണ്ട്. കുതിരാൻ ഒരു മൂന്നു മണിക്കൂറെങ്കിലും വേണ്ടിവരും. മൂന്നു മണിക്കൂറിനു ശേഷം മുത്താറിയും, ഉഴുന്നും, ഉലുവയും നല്ല വണ്ണം കഴുകി മിക്സിയുടെ ജാറിൽ ഇടുക. വേണമെങ്കിൽ പച്ചരി ഇതിൻ്റെ കൂടെ കുതിർത്തതിനു ശേഷവും ഉണ്ടാക്കാം. ഞാൻ മുത്താറി മാത്രം ചേർത്തതാണ് പറയുന്നത്. അരയ്ക്കുമ്പോൾ കൂടെ രണ്ടു ടീസ്പൂൺ ചോറും കുറച്ച് ഉപ്പുമിട്ട് നല്ല വണ്ണം അരക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ഒഴിച്ചു വയ്ക്കുക.അത് രാത്രി മുഴുവൻ വയ്ക്കുക
പിറ്റേ ദിവസം രാവിലെ മുത്താറിയുടെ കൂട്ട് നല്ല പാകത്തിലാവും. ഈ കൂട്ടുകൊണ്ട് ക്രിസ്പി ദോശയും സോഫ്റ്റ് ഇഡ്ഡലിയും ഉണ്ടാക്കാൻ സാധിക്കും. ദോശ ഉണ്ടാക്കാൻ ഇപ്പോൾ എല്ലാവരും നോൺ സ്റ്റിക്ക് തവയാണ് ഉപയോഗിക്കുന്നത്. ഇരുമ്പിന്റെ ദോശക്കല്ലിലും നല്ല ക്രിസ്പി ദോശ ഉണ്ടാക്കാം. നോൺ സ്റ്റിക്ക് തവയിൽ എണ്ണ ഒഴിക്കാൻ പാടില്ല. ഇരുമ്പ് ദോശക്കല്ലിൽ എണ്ണ തടവി വേണം ദോശ ഉണ്ടാക്കാൻ.പ്രഭാത ഭക്ഷണമായി ഇതു കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിന്റെ കൂടെ സാമ്പാറോ തേങ്ങയുടെ ചട്നിയോ ഉപയോഗിച്ച് കഴിക്കാൻ വളരെ ടേസ്റ്റിയാണ്.
ഇഡ്ഡലി ഉണ്ടാക്കുന്നത് ഇഡ്ഡലി പാത്രത്തിൽ കൂട്ടൊഴിച്ച് പത്തു മിനുട്ട് ആവിയിൽ വച്ചശേഷം പുറത്തെടുത്ത് 2 മിനുട്ട് വയ്ക്കുക. പിന്നീട് കഴിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലെടുത്ത് സാമ്പാറിന്റെയോ ചട്നിയുടെയോ കൂടെ കഴിക്കാം.
കുട്ടികൾക്ക് എന്നതുപോലെ മുതിർന്നവർക്കും ഇത് നല്ലതാണ്. പല തരത്തിലുള്ള പ്രാതൽ കഴിച്ച് മടുപ്പു വരുമ്പോൾ വ്യത്യാസത്തിനു വേണ്ടി ഇത്തരം ഗുണപ്രദമായ പ്രാതൽ ഉണ്ടാക്കുന്നത് വളരെ നല്ലതാണ്.