വീട്ടിലിരുന്നുകൊണ്ടൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. അതിനായി നാം ഗൂഗിളിൽ മറ്റും തിരയാറും ഉണ്ട്. ഫേസ്ബുക്കിലും ഇങ്ങനെയുള്ള പരസ്യങ്ങൾ കാണാം. എന്നാൽ ഇതിൽ പലതും തട്ടിപ്പാണ് എന്നാണ് പുതിയ കാല സംഭവവികാസങ്ങൾ അടിവരയിടുന്നത്. ഇതിൽ വിശ്വസിക്കാവുന്ന ജോലികൾ ഉണ്ടെങ്കിലും കൂടുതലും ആളുകളെ പറ്റിച്ചു പണം തട്ടാനുള്ളതാണെന്ന് ഉയർന്നു വരുന്ന പരാതികളിൽ നിന്നും വ്യക്തമാകുന്നു.
ഇപ്പോൾ അങ്ങനെയൊരു ജോലി തട്ടിപ്പിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും എല്ലാം ഇങ്ങനെയുള്ള പരസ്യങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. പെൻസിൽ പാക്കറ്റുകളിൽ നിറച്ചു മാസം 30,000 രൂപ വരുമാനം നേടാം എന്നതാണ് വാഗ്ദാനം. ഇതിനായി അവർ ആധികാരികമായി ഒരു വലിയ വിവരണം തന്നെയാണ് ഇവർ നൽകുന്നത്. ഇവർ കൊടുത്തിരിക്കുന്ന വിവരണത്തിൽ ഹിന്ദുസ്ഥാൻ കമ്പനിയുടെ പെൻസിൽ പാക്കറ്റ് ചെയ്‌യുന്നതിനെ കുറിച്ചാണ് പറയുന്നത്.
ദിവസം 100 പാക്കറ്റ് തീർക്കണം എന്നതാണ് ജോലി അങ്ങനെ മുപ്പതു ദിവസം കൊണ്ട് 30000 പാക്കറ്റ്. ഇവരുടെ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ നടരാജ് പെൻസിൽ കമ്പനിയുടെ പെൻസിലാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് പറയും. അപ്പോൾ നമുക്ക് കൂടുതൽ വിശ്വാസമാകും. കൂടെ അവർ നമ്മുടെ ആധാർ കാർഡിന്റെ കോപ്പിയും അഡ്രസ്സും എല്ലാം വാങ്ങും. അഡ്മിഷൻ ഫീസ് ആയി 750 അയച്ചു നൽകാനും പറയും. ഈ തുക അയച്ചു കൊടുത്തുകഴിഞ്ഞാൽ പിന്നെ ഒരു വിവരവും ഉണ്ടാകില്ല. ഇത് പോലെ ദിവസം ഒരു 10 പേരെ കിട്ടിയാൽ അവർക്ക് 7500 രൂപ ദിവസം കിട്ടും. മാസത്തിൽ 225000 രൂപയാണ് കിട്ടുന്നത്.
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നതാണ് തട്ടിപ്പിന്റെ രീതി. വിളിക്കേണ്ട മൊബൈൽ നമ്പർ പോലും നൽകിയാണ് തട്ടിപ്പ്. ഉയർന്ന ശമ്പളം പ്രതീക്ഷിക്കുന്ന ജോലിക്കായി വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുന്നവരിൽ നിന്ന് 750 രൂപ രജിസ്‌ട്രേഷൻ ഫീസായി ആവശ്യപ്പെടും. Google Pay അല്ലെങ്കിൽ PhonePay വഴി പണമടയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടും. അടുത്ത ഘട്ടം ഫോട്ടോ എടുത്ത് കമ്പനിയുടെ തിരിച്ചറിയൽ കാർഡ് അയയ്ക്കുക എന്നതാണ്.
പിന്നീട് വിലാസം പരിശോധിക്കാൻ വീണ്ടും 1400 രൂപ ആവശ്യപ്പെടും. ഈ 1920 രൂപ തിരികെ നൽകുമെന്നും കമ്പനി പറയും. പിന്നീട് കൊറിയർ ചാർജായി 2000 രൂപ കൂടി ചോദിച്ചപ്പോൾ അരൂർ സ്വദേശി കൊച്ചി സിറ്റി സൈബർ ക്രൈം പോലീസിൽ പരാതി നൽകി. തട്ടിപ്പുസംഘത്തിൽ നിന്ന് അരൂർ സ്വദേശി നൽകിയ 1920 രൂപ സൈബർ ക്രൈം പോലീസ് തിരികെ വാങ്ങി.
ഇയാൾ നൽകിയ തുക ഉത്തർപ്രദേശിലെ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. അക്കൗണ്ട് ഉടമയെ വിളിച്ച് തുക തിരികെ നൽകാൻ പോലീസ് ആവശ്യപ്പെട്ടതോടെ തട്ടിപ്പ് സംഘം തുക തിരികെ നൽകി. അതിനാൽ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ നിങ്ങൾ സ്വയം സുരക്ഷിതരായിരിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ ഓരോ രൂപയും വിലപ്പെട്ടതാണ്. അത് ആർക്കും വെറുതെ നല്കാനുള്ളതല്ല. കഴിയുന്നതും ഈ വിവരം എല്ലാവരിലേക്കും എത്തിക്കുക.