October 2, 2023

മറുനാടൻ ചാനലിനും ആക്രമിക്കപ്പെടുന്ന മാദ്ധ്യമ പ്രവർത്തകർക്കും വേണ്ടി ശബ്ദമുയർത്തി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം..

കേരളത്തിലെ പിണറായി സർക്കാരിനെയും ഇടത് പക്ഷത്തെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പിണറായി ഇരട്ടത്താപ്പാണെന്നും സർക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമസ്ഥാപനങ്ങളെ പോലീസിനെക്കൊണ്ട് ഭീഷണിപ്പെടുത്തുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ ബിബിസി ഡോക്യുമെന്ററി നിരോധിച്ചപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ സ്വന്തം സംസ്ഥാനത്ത് മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

മാധ്യമങ്ങളുടെ വായടപ്പിക്കാൻ കോൺഗ്രസ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ കൈക്കൊള്ളുന്ന നടപടികളെ വിമർശിക്കുന്നതിനപ്പുറം പിണറായി വിജയൻ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം സർക്കാർ ഒന്നിനുപുറകെ ഒന്നായി അഴിമതി നടത്തുകയാണ്. പിണറായി സർക്കാർ നേരിടുന്ന അഴിമതിയാരോപണങ്ങളിൽ സ്വർണക്കടത്ത് മുതൽ റോഡ് ക്യാമറകൾ വാങ്ങിയതിലെ ക്രമക്കേടുകൾ വരെയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ജീവനക്കാരും കുടുംബാംഗങ്ങളും ഈ അഴിമതിയിൽ പ്രതികളാണ്. ഇക്കാര്യങ്ങളെല്ലാം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ ചില ടിവി ചാനലുകൾക്കെതിരെയും അവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെയും അടുത്തിടെ കേസെടുത്തിരുന്നു. ഒരു വനിതാ മാധ്യമപ്രവർത്തകയും ഇക്കൂട്ടത്തിലുണ്ട്. ഒരു യൂട്യൂബ് ചാനലിനെ നിശ്ശബ്ദമാക്കാൻ ജീവനക്കാരന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തിയത് ഇതിന് ഉദാഹരണമാണ്. ഈ മാധ്യമസ്ഥാപനം നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസർക്കാരിനെ വിമർശിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദരാക്കാനാണ് ഇത്തരം ഭീഷണികളും നടപടികളും സ്വീകരിക്കുന്നത്. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കാപട്യത്തെയും ഇരട്ടത്താപ്പിനെയും ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് കേരളമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.