എന്താണ് ROR? ഭൂമി സ്വന്തമായി ഉള്ളവർ അറിയേണ്ട പ്രധാന വിവരം. ഇത് സംബന്ധിച്ച എല്ല വിവരങ്ങളും അറിയാം..

നമ്മൾ പല ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസുകളെ സമീപിക്കാറുണ്ട്. പ്രധാനമായും ആധാരം സംബന്ധിച്ച കാര്യങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ നമ്മൾ പോകാറുണ്ട്. ഇത്തരത്തിൽ വില്ലേജ് ഓഫീസുകളും ആധാരവും ആയി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു പേരാണ് R. O. R. റെക്കോർഡ് ഓഫ് റൈറ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്.

അതായത് ഒരു വസ്തുവിന്റെ അവകാശം സൂചിപ്പിക്കുന്ന രേഖ അഥവാ അവകാശങ്ങളുടെ രേഖ. ഭൂമിയുടെയും വസ്തുക്കളുടെയും മേലുള്ള അവകാശങ്ങളിൽ പല തർക്കങ്ങളും ഉണ്ടാകാനിടയുണ്ട്. ഈ അവസരത്തിൽ ഈ രേഖയ്ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.

കാരണം അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഈ രേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. 1968ൽ നിലവിൽ വന്ന നിയമമാണ് അവകാശങ്ങളുടെ രേഖ ആക്ട്. എങ്കിലും വളരെ കുറച്ച് കാലമായാണ് ഇത് കൂടുതലായി ആളുകൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയത്.

ഒരു വസ്തുവിന്റെ അളവുകളും മറ്റു വിവരങ്ങളും വസ്തു കൈവശം വെച്ചിരിക്കുന്ന വ്യക്തികളുടെ പേരും മേൽവിലാസവും ഭൂമിയിൽ ബാധ്യതകളും അവകാശവും ഉള്ള മറ്റു വ്യക്തികളുടെ വിവരങ്ങൾ, കുടികിടപ്പ് വിവരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഉള്ളതാണ് R. O. R.

ഒരു അവകാശ രേഖയിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ ഇതിന്റെ കരട് പ്രസിദ്ധീകരിച്ച്, പരാതികൾ ഉണ്ടെങ്കിൽ ഇവ പരിഗണിച്ച് 30 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥൻ പ്രസിദ്ധീകരിക്കണം. അവകാശ രേഖ ഉൾപ്പെട്ടിട്ടുള്ള എല്ലാ ആളുകളുടെയും വാദം കേട്ടതിനു ശേഷമാണ് പ്രസിദ്ധീകരിക്കേണ്ടത്.

കൂടാതെ ഒരു വസ്തുവിന്റെ മേൽ വരുന്ന മറ്റ് ക്രയവിക്രയം എല്ലാംതന്നെ ഉദ്യോഗസ്ഥനെ അറിയിച്ചു അവകാശ രേഖയിൽ ചേർക്കേണ്ടതാണ്. ഇങ്ങനെ ഭൂമിയും വസ്തുവായും സംബന്ധിച്ച വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് അവകാശങ്ങളുടെ രേഖ. തുടർന്നുവരുന്ന കാലങ്ങളിലും വളരെ പ്രധാനപ്പെട്ട രേഖയായി R. O. R പരിഗണിക്കുന്നതായിരിക്കും.

ആയതിനാൽ ഭൂമി, വസ്തു എന്നിവയുടെ ക്രയവിക്രയങ്ങൾ നടത്തുന്ന ആളുകൾ ഇക്കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.