തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ ശക്തിമാൻ ബിഗ് സ്‌ക്രീനിൽ എത്തുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും പുറത്തുവിട്ടിട്ടില്ല.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മുകേഷ് ഖന്ന. വമ്പൻ ബജറ്റിലായിരിക്കും ശക്തിമാൻ നിർമിക്കുകയെന്ന് മുകേഷ് ഖന്ന പറയുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന് ഒരു വർഷത്തിന് ശേഷമാണ് പുതിയ അപ്‌ഡേറ്റ്. ട്രൈലോജിയായി ശക്തിമാൻ എത്തും.
200 മുതൽ 350 കോടി വരെയായിരിക്കും ട്രൈലോജിയിലെ ഒരു സിനിമയുടെ ചെലവ് എന്ന് മുകേഷ് ഖന്ന പറഞ്ഞു. കൊവിഡ് കാരണമാണ് ചിത്രം വൈകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരായിരിക്കും ചിത്രത്തിലെ നായകൻ, ആരായിരിക്കും സംവിധാനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മുകേഷ് ഖന്ന പറഞ്ഞു. രാജ്യാന്തര നിലവാരമുള്ള ചിത്രമായിരിക്കും ശക്തിമാൻ എന്നും സോണി പിക്‌ചേഴ്‌സ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമെന്നും ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നും നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ശക്തിമാനിൽ മുകേഷ് ഖന്നയായിരുന്നു നായകൻ. 450 എപ്പിസോഡുകൾ ഓടിയ ശക്തിമാൻ വൻ വിജയമായിരുന്നു.