രവീന്ദ്രൻ മാഷുടെ ഭാര്യ ശോഭചേച്ചിയുടെ ഫ്ലാറ്റിന്റെ 12 ലക്ഷത്തിന്റെ ബാധ്യത സിനിമാ-സംഗീത കൂട്ടായ്‌മ തീർത്തു..

കടക്കെണിയിൽ പെട്ട് ഫ്ലാറ്റ് വിൽക്കാൻ തയ്യാറായ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭാ രവീന്ദ്രന്റെ മുഴുവൻ ബാധ്യതയും സിനിമാ-സംഗീത രംഗത്തെ പ്രമുഖർ ചേർന്ന് തീർത്തു. 12 ലക്ഷം രൂപയായിരുന്നു ബാധ്യത. ഈ തുക മുഴുവൻ അടച്ച് ഫ്ലാറ്റിന്റെ രേഖ വാങ്ങിയെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.

പിന്നണി ഗായകരുടെ സംഘടനയായ സമം എന്ന കൂട്ടായ്മയിലെ, ഗായകരായ കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, നിർമാതാവ് ജോണി സാഗരിക എന്നിവർ പണം നൽകിയതിൽ മുഖ്യപങ്ക് വഹിച്ചതായി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൂടാതെ റോണി റാഫേൽ, ദീപക് ദേവ്, സുദീപ് എന്നിവരും ഈ യജ്ഞത്തിന്റെ ഭാഗമായിരുന്നു. ഫെഫ്ക മ്യൂസിക് ഡയറക്‌ടേഴ്‌സ് യൂണിയൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയൻ, ലൈറ്റ്‌മെൻ യൂണിയൻ, ഡ്രൈവേഴ്‌സ് യൂണിയൻ, ഡയറക്‌ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവരും ശോഭാ രവീന്ദ്രനുവേണ്ടി കൈകോർത്തു.

12 ലക്ഷം രൂപ കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ശോഭ രവീന്ദ്രൻ മാസ്റ്റർക്കുള്ള ആദരാഞ്ജലിയായി കിട്ടിയ ഫ്ലാറ്റ് വിൽക്കാൻ പോകുന്നത് വലിയ വാർത്തയായിരുന്നു. ശോഭചേച്ചി അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.. ” മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്ലാറ്റായിരുന്നു അത്. ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല.” ശോഭയ്ക്ക് 12 ലക്ഷം കടമുണ്ടായിരുന്നു. വെണ്ണല പാലച്ചുവടുള്ള വീടിന്റെ മുകൾ നിലയിലാണ് താമസം.

ഒമ്പത് വർഷം മുമ്പ് ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി ‘രവീന്ദ്ര സംഗീതസന്ധ്യ’ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ശോഭയ്ക്ക് ഫ്ലാറ്റും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. ആഗ്രഹിച്ച സ്ഥലത്ത് വീട് കിട്ടിയ സന്തോഷത്തിൽ എല്ലാ ഗായകരെയും അഭിനേതാക്കളെയും ശോഭ നേരിട്ട് ക്ഷണിച്ചു.

യേശുദാസും ചിത്രയും ഉൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക സംഗീതലോകവും ചടങ്ങിൽ പങ്കെടുത്തു. പ്രതിഫലമില്ലാതെ എല്ലാവരും പാടി. ഗ്രൗണ്ട് പോലും സൗജന്യമായി കിട്ടി. ഒടുവിൽ ഫ്ലാറ്റിന്റെ താക്കോൽ വേദിയിൽ വെച്ച് തന്നെ ശോഭയെ ഏൽപ്പിച്ചു. നിർമ്മാതാക്കളായ ക്രിസ്റ്റൽ ഗ്രൂപ്പാണ് സ്പോൺസർമാരായി ഫ്ലാറ്റ് നൽകിയത്. 56 ലക്ഷം രൂപയ്ക്കാണ് പരിപാടിയുടെ സംപ്രേക്ഷണാവകാശം സ്വകാര്യ ചാനൽ സ്വന്തമാക്കിയത്. സ്‌പോൺസർഷിപ്പ് ഉൾപ്പെടെ ആകെ ഒന്നരക്കോടിയിലേറെ രൂപയാണ് സംഘാടകർക്ക് ലഭിച്ചത്. ഇതിൽ മൂന്ന് ലക്ഷം മാത്രമാണ് ശോഭയ്ക്ക് നൽകിയത്.

ഏപ്രിലിൽ തന്നെ ഫ്ലാറ്റിലേക്ക് താമസം മാറി. വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ ക്രിസ്റ്റൽ ഗ്രൂപ്പ് തയ്യാറായിട്ടില്ല. നൽകാമെന്ന് പറഞ്ഞ തുക ആവശ്യപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ പലതവണ സമീപിച്ചെങ്കിലും കാര്യമായൊന്നും പറഞ്ഞില്ല. ക്രിസ്റ്റൽ ഗ്രൂപ്പ് ആ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ ഓരോ ഫ്‌ളാറ്റിനും വായ്പ എടുത്തതായി പിന്നീട് അറിഞ്ഞു. ഒടുവിൽ ഫ്‌ളാറ്റുകളെല്ലാം റസിഡന്റ്‌സ് അസോസിയേഷന് കൈമാറി അവർ കൈകഴുകി. വായ്പയുടെ ബാധ്യത താമസക്കാരനാണ്. ഫ്ലാറ്റ് കൈമാറ്റം ചെയ്ത വിവരം അറിഞ്ഞ ശോഭ മൂന്നുലക്ഷം രൂപ വായ്പയെടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കി.

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഫ്ലാറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് താമസക്കാരെല്ലാം മാറിത്താമസിച്ചപ്പോൾ ശോഭയും സമീപത്തെ വീടിന്റെ മുകൾ നിലയിലേക്ക് താമസം മാറി. മൂന്നര മാസമായി തുടങ്ങിയ അറ്റകുറ്റപ്പണി ഒന്നര വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. ഇടയ്ക്ക് ക്രിസ്റ്റൽ ഗ്രൂപ്പിന്റെ വായ്പാ കുടിശ്ശിക ഇനത്തിൽ രണ്ട് ലക്ഷം രൂപ അസോസിയേഷന് നൽകിയെങ്കിലും ഫ്‌ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് ഉപയോഗിച്ചു.

മറ്റെല്ലാ താമസക്കാരും അവരുടെ വായ്പ കുടിശ്ശിക അടച്ചു. രവീന്ദ്രനോടുള്ള ആദരസൂചകമായി ശോഭയുടെ പണം തൽക്കാലം അസോസിയേഷൻ നൽകി. പിന്നീട് പലിശ സഹിതം 12 ലക്ഷം രൂപയായി. ഇത്രയും തുക നൽകിയാൽ മാത്രമേ ശോഭയ്ക്ക് ഫ്ലാറ്റിന്റെ രേഖകൾ ലഭിക്കൂ എന്നും വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഈ പ്രശ്‍നങ്ങൾ എല്ലാം തീർന്നെന്നും ശോഭ രവീന്ദ്രൻ പറഞ്ഞു. ദാസേട്ടനും സഹായിച്ച എല്ലാവർക്കും നന്ദി ഉണ്ടെന്നും ശോഭ രവീന്ദ്രൻ നിര കണ്ണുകളോടെ പറഞ്ഞു.