ലോകത്തിലെ ഏറ്റവും വലിയ മൂത്രക്കല്ല് ശ്രീലങ്കൻ ഡോക്ടർമാർ നീക്കം ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു..അഭിനന്ദനങൾ ഏറ്റു വാങ്ങി ഡോ. സുദർശനും സംഘവും..

ലോകത്തിലെ ഏറ്റവും വലിയ മൂത്രക്കല്ല് നീക്കം ചെയ്ത് ശ്രീലങ്കൻ സൈനിക ഡോക്ടർമാർ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. നീക്കം ചെയ്ത കല്ലിന് 13.372 സെന്റീമീറ്റർ നീളവും 801 ഗ്രാം ഭാരവുമുണ്ടായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഈ മാസം ആദ്യം കൊളംബോയിലെ സൈനിക ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ.

ഇതിന് മുൻപുവരെ ഇന്ത്യ ആയിരുന്നു ഈ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 2004-ൽ ഇന്ത്യയിൽ 13 സെന്റീമീറ്റർ നീളമുള്ള ഒരു മൂത്രക്കല്ല് നീക്കം ചെയ്തു. ഇതിനുമുമ്പ് 2008ൽ പാക്കിസ്ഥാനിലാണ് ഏറ്റവും ഭാരമേറിയ മൂത്രക്കല്ല് നീക്കം ചെയ്തത്. 620 ഗ്രാം ഭാരമുള്ള മൂത്രക്കല്ലാണ് അന്ന് നീക്കം ചെയ്തത്.

ശ്രീലങ്കയിലെ കൊളംബോയിൽ സൈനിക ആശുപത്രി ജൂൺ ഒന്നിന് നടത്തിയ ശസ്ത്രക്രിയയുടെ ലോക റെക്കോർഡ് നേടിയതായി ഗിന്നസ് അധികൃതർ സ്ഥിരീകരിച്ചു. ഓപ്പറേഷൻ നടക്കുന്ന സമയത്ത് ഗിന്നസ് അധികൃതർ ഇവിടെ ഉണ്ടായിരുന്നു. ഇവർ ഇത് നേരിട്ട് കണ്ട് സ്ഥിരീകരിക്കുകയായിരുന്നു.

യൂറോളജി വിഭാഗം മേധാവിയും കൺസൾട്ടൻറ് യൂറോളജിസ്റ്റുമായ ലഫ്.കേണൽ (ഡോ.) കെ.സുദർശൻ ശാസ്ത്രിക്ക് നേതൃത്വം നൽകി. ക്യാപ്റ്റൻ (ഡോ) ഡബ്ല്യുപിഎസ്‌സി പതിരത്‌ന, ഡോ. തമാശ പ്രേമതിലക, കേണൽ (ഡോ) യു.എ.എൽ.ഡി പെരേര, കേണൽ (ഡോ) സി.എസ്. അബേസിംഗ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.

Content Highlight: Sri Lankan army doctors have removed the world’s largest kidney stone