October 2, 2023

ഉണ്ണി മുകുന്ദൻ നായകനായി ഗണപതിയായി അവതരിക്കുന്ന സിനിമ വരുന്നു.. ‘ജയ് ഗണേഷ്’ പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ

സ്പീക്കറുടെ ‘മിത്ത് പരാമർശം’ വിവാദമായ സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദൻ ജയ് ഗണേഷ് എന്ന ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽ ഉണ്ണി മുകുന്ദനാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ രഞ്ജിത്ത് ശങ്കറും ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിലെ അയ്യപ്പനായി വേഷമിട്ട ശേഷം ജയ് ഗണേശിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നു എന്നാണ് അറിയുന്നത്. ജയ് ഗണേഷിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു നടനെ തിരയുകയാണെന്ന് രഞ്ജിത്ത് ശങ്കര് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

മാളികപ്പുറം റിലീസിന് ശേഷം ഏഴ് മാസമായിട്ടും ഉണ്ണി മുകുന്ദന്റെ മറ്റൊരു സിനിമയുടെ ചിത്രീകരണവും നടന്നിട്ടില്ല. ശരിയായ തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ജയ് ഗണേഷിനെ കുറിച്ച് ചർച്ച ചെയ്തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെട്ടു. ഞാനും എന്റെ നടനെ കണ്ടെത്തി. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓരോ ചുവടും ആസ്വദിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് ശങ്കർ പറഞ്ഞു

കുറിപ്പിനൊപ്പം ടൈറ്റിൽ ആനിമേഷൻ വീഡിയോയും രഞ്ജിത്ത് ശങ്കർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ അറിവായിട്ടില്ല. ഒടുവിൽ രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേഴ്‌സ് ആണ് പുറത്തിറങ്ങിയത്. ഈ സിനിമയിൽ സർജാനോ ഖാലിദും പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച ഉണ്ണി മുകുന്ദന്റെ ചിത്രമാണ് ജൂനിയർ ഗന്ധർവ്വ.

അടുത്തിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരാണ വിവാദത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ സംസാരിച്ചിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവർ നാളെ കൃഷ്ണനും ശിവനും നമ്മളും മിത്താണെന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. ആർക്ക് വേണ്ടിയാണ് ഇത് പറയുന്നത് എന്ന് മനസ്സിലാക്കണം.

നമുക്ക് വിഷമമുണ്ടായി എന്ന് ഉറക്കെ പറയാൻ എങ്കിലും തയ്യാറാവുക. അല്ലാത്തപക്ഷം നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും അർത്ഥശൂന്യമാകും. ജീവിതദുഃഖങ്ങളെ അതിജീവിക്കാനുള്ള സങ്കേതമാണ് ദൈവമെന്ന് അറിയാത്തവരായി ആരുമില്ല. മര്യാദയുടെ പേരിലെങ്കിലും ദൈവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മടിക്കരുത്. നാണിക്കേണ്ട കാര്യമില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.