കേരളത്തിൽ ഇനി മുതൽ പച്ച മുട്ട ഉപയോഗിച്ചുള്ള മയോന്നൈസ് ഉണ്ടാക്കരുതെന്ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില് ചേർന്ന യോഗം തീരുമാനിച്ചു. പകരം വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ടയിൽ നിന്ന് ഉണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാനാണ് തീരുമാനം. മുട്ടകൾ ഉപയോഗിച്ച് മയോന്നൈസ് ഉണ്ടാക്കരുത്.
ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മയോണൈസ് കൂടുതൽ നേരം സൂക്ഷിക്കുന്നത് അപകടമാണെന്നതിനാൽ എല്ലാവരും ആരോഗ്യ വകുപ്പിന്റെ ഈ അഭിപ്രായത്തോട് യോജിച്ചു.
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷണപ്പൊതിയിൽ ഡെലിവറി സമയവും അത് കഴിക്കേണ്ട സമയവും വ്യക്തമാക്കുന്ന സ്റ്റിക്കർ നൽകണം. അതിനു ശേഷം ഭക്ഷണം കഴിക്കാൻ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസൻസോ നേടിയിരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ശുചിത്വ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം.
ശുചിത്വം ഉറപ്പാക്കി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കാനുള്ള വേദികൂടിയാണിതെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാവർക്കും പരിശീലനം നൽകണം.
സ്ഥാപനം ചെറുതായാലും വലുതായാലും, ശുചിത്വം വളരെ പ്രധാനമാണ്. ഭക്ഷ്യസുരക്ഷാ മേഖലയിൽ സഹകരണം ഉറപ്പാക്കുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. പരിശോധന നടത്താനും പോരായ്മകൾ പരിഹരിക്കാനും ശുചിത്വം ഉറപ്പാക്കാനും സംഘടനകൾ സ്വന്തം ടീമിനെ രൂപീകരിക്കും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും യോഗത്തിൽ പങ്കെടുത്തു.
നോൺ വെജ് മയോണൈസ് നിരോധിക്കുന്ന ഈ സാഹചര്യത്തിൽ , വെജിറ്റബിൾ മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം !! മുട്ടയും എണ്ണയും ചേർക്കാതെ കശുവണ്ടി കൊണ്ട് മയോണൈസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
ചേരുവകൾ- കശുവണ്ടിപ്പരിപ്പ് – 25 എണ്ണം, വെളുത്തുള്ളി അല്ലികൾ – മൂന്ന് എണ്ണം, ചെറുനാരങ്ങാനീര് – അര കഷ്ണം , കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ്, ആപ്പിൾ വിനാഗിരി – ഒരു ടേബിൾസ്പൂൺ. ആദ്യമായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കശുവണ്ടി മുക്കി വയ്ക്കുക. അതിനു ശേഷം വേറൊരു പാത്രത്തിൽ കുതിർന്ന കശുവണ്ടിയും, മൂന്ന് അല്ലി വെളുത്തുള്ളിയും ഇടുക. ഇതിലേക്ക് അര നാരങ്ങയുടെ നീര് ചേർക്കുക.
അതിനുശേഷം അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ ആപ്പിൾ വിനാഗിരി എന്നിവ ചേർത്ത് മിക്സിയിൽ 10 മുതൽ 15 സെക്കൻഡ് വരെ അടിക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും അടിക്കുക. ഇതാ നമ്മുടെ വെജിറ്റബിൾ മയോണൈസ് റെഡി ! ഇനി ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം വെജ് മയോണൈസ് ഉപയോഗിക്കുക. ഈ മയോന്നൈസ് മൂന്ന് ദിവസം വരെ മാത്രമേ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാൻ പാടുള്ളു എന്ന കാര്യം കൂടി ഓർക്കുക.